Currency

ഹരിത നിര്‍മിതിക്കുള്ള പ്ലാറ്റിനം റാങ്കിങ് കൊച്ചി മെട്രോയ്ക്ക്

സ്വന്തം ലേഖകന്‍Thursday, May 25, 2017 11:55 am

കൊച്ചി: ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ അംഗീകാരമായ ഹരിത നിര്‍മിതിക്കുള്ള പ്ലാറ്റിനം റാങ്കിങ് കൊച്ചി മെട്രോ സ്റ്റേഷനുകള്‍ക്ക് ലഭിച്ചു. പരിസ്ഥിതി സൗഹൃദ നിര്‍മാണം പരിഗണിച്ചാണ് അംഗീകാരം. ആലുവ മുതല്‍ മഹാരാജാസ് വരെയുള്ള 16 സ്റ്റേഷനുള്‍ക്കാണ് നിര്‍മാണത്തിലെ വിവിധ ഘടകങ്ങള്‍ പരിഗണിച്ച് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചത്.

എലവേറ്റഡ് സ്റ്റേഷന്‍ വിഭാഗത്തിലാണ് കൊച്ചി മെട്രോയെ തിരഞ്ഞെടുത്തത്. വിവിധ സ്റ്റേഷനുകള്‍ നിര്‍മിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം, ജല-ഊര്‍ജ സംരക്ഷണ മികവ്, സ്റ്റേഷനുകളുടെ രൂപകല്‍പന, നിര്‍മാണ രീതി എന്നിവയിലെല്ലാം കൊച്ചി മെട്രോ പുലര്‍ത്തിയ പ്രവര്‍ത്തന മേന്മ കണക്കിലെടുത്താണ് പ്ലാറ്റിനം റാങ്കിങ്.

സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് സിയാല്‍ മാതൃകയില്‍ ഊര്‍ജോത്പാദനത്തിനുള്ള പദ്ധതി കെഎംആര്‍എല്‍ തയ്യാറാക്കിയിരുന്നു. ഇതടക്കം ഹരിത ഉദ്യാനം, മലിനീകരണ വിമുക്ത സംവിധാനങ്ങള്‍, മഴവെള്ളമുപയോഗപ്പെടുത്താനുള്ള സംവിധാനം എന്നിവയെല്ലാം പരിഗണിക്കപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x