Currency

സ്രോതസ് കാണിക്കാനാവാത്ത ബാങ്ക് നിക്ഷേപം; നാലുവര്‍ഷം വരെ തടവ് ശിക്ഷയ്ക്ക് നിയമ ഭേദഗതി

സ്വന്തം ലേഖകന്‍Sunday, November 27, 2016 8:40 pm

കണക്കില്‍ പെടാത്ത പണമുള്ളവര്‍ക്ക് നിക്ഷേപം നടത്തുന്നതിനായി ഗരീബ് കല്യാണ്‍ യോജന എന്ന പുതിയ പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്.

 

ന്യൂഡല്‍ഹി: സ്രോതസ് കാണിക്കാനാവാത്ത ബാങ്ക് നിക്ഷേപം ഉള്ളവര്‍ക്ക് നാലുവര്‍ഷം വരെ തടവ് ശിക്ഷ നല്‍കുന്നതിന് ആദായ നികുതി നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കണക്കില്‍ പെടാത്ത പണമുള്ളവര്‍ക്ക് നിക്ഷേപം നടത്തുന്നതിനായി ഗരീബ് കല്യാണ്‍ യോജന എന്ന പുതിയ പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. ആദായ നികുതി നിയമത്തിലെ ഈ ഭേദഗതികള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു കൊടുത്തു. അടുത്തയാഴ്ച ഇതു പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ഗരീബ് കല്യാണ്‍ യോജനയില്‍ കള്ളപ്പണം നിക്ഷേപിക്കുന്നവര്‍ 50 ശതമാനം നികുതി നല്‍കണം. ബാക്കി തുകയില്‍ 25 ശതമാനം മാത്രമേ ഉടമയുടെ അടിയന്തര ഉപയോഗത്തിന് ലഭിക്കൂ. ബാക്കി 25 ശതമാനം നാലു വര്‍ഷത്തേക്ക് പലിശരഹിത നിക്ഷേപമായി സൂക്ഷിക്കും. ഇതിനു ബോണ്ട് നല്‍കും.

സാമ്പത്തിക ഞെരുക്കം നേരിടുന്ന സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കായാണ് ഈ തുക വിനിയോഗിക്കുക. ഡിസംബര്‍ 30 വരെ ഗരീബ് കല്യാണ്‍ യോജനയില്‍ നിക്ഷേപിക്കാതിരിക്കുകയും പിന്നീട് പിടിക്കപ്പെടുകയും ചെയ്യുന്നവര്‍ 60 ശതമാനം നികുതി നല്‍കേണ്ടി വരും. 90 ശതമാനം നികുതിയേര്‍പ്പെടുത്തുന്ന ഭേദഗതിയും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നവംബര്‍ പത്തിനും ഡിസംബര്‍ 30നും ഇടയില്‍ നിക്ഷേപിക്കുന്ന രണ്ടരലക്ഷം രൂപയ്ക്കു മേലുള്ള തുകയ്ക്ക് 200 ശതമാനം പിഴ ഈടാക്കാനായിരുന്നു ആദ്യ ആലോചന. എന്നാല്‍, ഇതിനു നിയമ പിന്തുണ കിട്ടില്ലെന്നു മനസ്സിലാക്കിയതിനാലാണ് പുതിയ ഭേദഗതിയെക്കുറിച്ച് ആലോചിക്കുന്നത്. സത്യസന്ധരായ നികുതിദായകര്‍ക്കുള്ള അതേ നികുതി നിരക്ക് തന്നെ കള്ളപ്പണക്കാര്‍ക്ക് നല്‍കരുതെന്നതാണ് പുതിയ ഭേദഗതി കൊണ്ടുവരാന്‍ കാരണം.

എല്ലാ മന്ത്രാലയങ്ങളിലും കഴിയുന്നത്ര ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരോട് ആവശ്യപ്പെട്ടു. ഏറ്റവും താഴേത്തട്ടില്‍ വരെ കറന്‍സി രഹിത ഇടപാടുകള്‍ നടത്താനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. 15 ദിവസത്തിനകം കറന്‍സി രഹിത ഇടപാടുകളിലേക്ക് തിരിയാന്‍ ഉപഭോക്തൃകാര്യ- ഭക്ഷ്യ- പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാന്‍ തന്റെ വകുപ്പിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x