
ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ പത്ത് പേരെങ്കിലും ദിവസേന മരണപ്പെടുന്നതായി റിപ്പോര്‍ട്ട്. അതായത് ഓരോ ബില്ല്യന്‍ ഡോളര്‍ ഇന്ത്യയിലേക്ക് അയക്കപ്പെടുമ്പോഴും 117 പേര്‍ മരണപ്പെട്ടിരിക്കുമെന്ന് ചുരുക്കം. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സന്നദ്ധ സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
2012 ജനുവരി ഒന്നുമുതല്‍ 2018 പകുതിവരെ ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികളുടെ മരണത്തെക്കുറിച്ച് കോമണ്‍വെല്‍ത്ത് മനുഷ്യാവകാശ സംഘടനക്ക് വേണ്ടി വെങ്കിടേഷ് നായകാണ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
”ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, 2012 മുതല്‍ 2018 ജൂണ്‍ വരെ ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം കുറഞ്ഞത് 24,570 ഇന്ത്യന്‍ തൊഴിലാളികളെങ്കിലും മരിച്ചിട്ടുണ്ട്. കുവൈത്ത്, യു.എ.ഇ. എന്നീ രാജ്യങ്ങളിലെ പൂര്‍ണമായ കണക്കുകള്‍കൂടി ലഭ്യമായാല്‍ ഈ എണ്ണം ഇനിയും വര്‍ദ്ധിക്കും” വെങ്കിടേഷ് നായക് പറഞ്ഞു.
2012-നും 2017-നും ഇടയില്‍ ഇന്ത്യയിലേക്കു വന്ന വിദേശ പണത്തിന്റെ പകുതിയിലധികവും ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.