Currency

ആദായനികുതി നിയമ ഭേദഗതി ബില്‍ പാസാക്കി

സ്വന്തം ലേഖകന്‍Tuesday, November 29, 2016 4:33 pm

നോട്ടുകള്‍ അസാധുവാക്കിയ പശ്ചാത്തലത്തില്‍ കള്ളപ്പണ നിക്ഷേപങ്ങള്‍ വെളിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആദായനികുതിയില്‍ നിയമ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ന്യൂഡല്‍ഹി: കനത്ത നികുതി അടച്ച് അവിഹിത സമ്പാദ്യത്തില്‍ ഒരു പങ്ക് നിയമവിധേയമാക്കാന്‍ കള്ളപ്പണക്കാര്‍ക്ക് അവസരം നല്‍കുന്ന ആദായനികുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കി. ശബ്ദ വോട്ടോടെയാണ് ലോക്‌സഭയില്‍ ബില്‍ പാസാക്കിയത്. ധനബില്ലായാതിനാല്‍ രാജ്യസഭയില്‍ അവതരിപ്പിക്കേണ്ട ആവശ്യമില്ല. നോട്ടുകള്‍ അസാധുവാക്കിയ പശ്ചാത്തലത്തില്‍ കള്ളപ്പണ നിക്ഷേപങ്ങള്‍ വെളിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആദായനികുതിയില്‍ നിയമ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അഴിമതിക്കെതിരെയുള്ള സര്‍ക്കാറിന്റെ പേരാട്ടത്തിന്റെ ഭാഗമാണ് ബില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍ ഏകപക്ഷീയമായാണ് ബില്‍ പാസാക്കിയതെന്നും ജനാധിപത്യ മരയാദയില്ലാത്ത നടപടിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ എം.പിമാര്‍ സഭയില്‍ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.

നിയമഭേദഗതി ബില്ല് നാളെ രാജ്യസഭയില്‍ പാസാക്കും. രാജ്യസഭ 14 ദിവസത്തിനകം ബില്ല് പാസാക്കണം. ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച അവിഹിത സമ്പാദ്യത്തിന് നികുതിയും പിഴയും സര്‍ചാര്‍ജും അടക്കം 50 ശതമാനം തുക ഈടാക്കാനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. അവിഹിത സമ്പാദ്യം വെളിപ്പെടുത്താതെ പിടിയിലായാല്‍ 50ന് പകരം 85 ശതമാനം പിഴ ചുമത്തും. വെളിപ്പെടുത്തുന്ന അവിഹിത സമ്പാദ്യത്തിന്റെ നാലിലൊന്ന് ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിക്കായി നിക്ഷേപിക്കണം. ഈ തുക നാലു വര്‍ഷത്തിന് ശേഷമല്ലാതെ തിരിച്ചെടുക്കാന്‍ അനുവദിക്കില്ല. പലിശയും നല്‍കില്ല.

500 രൂപ, 1000 രൂപ നോട്ടുകളിലായി സൂക്ഷിച്ച അവിഹിത സ്വത്ത് വെളിപ്പെടുത്താന്‍ തയാറുള്ളവര്‍ വെളിപ്പെടുത്താത്ത വരുമാനത്തിന് 30 ശതമാനം നികുതിയടക്കണം. ഇതിനുപുറമെ 10 ശതമാനം പിഴ, പ്രധാനമന്ത്രി ഗരീബി കല്യാണ്‍ യോജന സെസായി നികുതിയുടെ (30 ശതമാനത്തിന്റെ) മൂന്നിലൊന്ന് എന്നിവയും നല്‍കണം. പ്രധാനമന്ത്രി ദരിദ്രക്ഷേമ പദ്ധതി പ്രകാരം വെളിപ്പെടുത്തുന്ന സമ്പാദ്യത്തിന്റെ സ്രോതസ്സ് ചോദിക്കില്ല. മറ്റ് നികുതികള്‍ ചുമത്തില്ല. എന്നാല്‍, വിദേശ കറന്‍സി വിനിമയ നിയമം പോലുള്ളവയില്‍ ഇളവുണ്ടാകില്ല. ഈ പദ്ധതിവഴി ലഭിക്കുന്ന പണം ജലസേചനം, പാര്‍പ്പിടം, ടോയ്‌ലറ്റ്, അടിസ്ഥാന സൗകര്യം, പ്രൈമറി വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ചെലവാക്കും. കള്ളപ്പണം വെളിപ്പെടുത്താതിരിക്കുന്നവരില്‍നിന്ന് കണ്ടത്തെിയാല്‍ 60 ശതമാനം നികുതിയും15 ശതമാനം സര്‍ച്ചാര്‍ജും ഉള്‍പ്പെടെ 75 ശതമാനം തുക ഈടാക്കും. പുറമേ, ആദായ നികുതി അധികൃതര്‍ക്ക് വേണമെങ്കില്‍ 10 ശതമാനം പിഴയും ചുമത്താവുന്നതാണ്. ഇതുകൂടി ചേര്‍ത്താല്‍ മൊത്തം സര്‍ക്കാരിലേക്ക് നല്‍കേണ്ട നികുതി 85 ശതമാനമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x