ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ എംബസി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി വീണ്ടും ചര്‍ച്ച നടത്തി. വിമാന സര്‍വീസ് സംബന്ധിച്ച ചര്‍ച്ചയുടെ ഫലം പ്രതീക്ഷയോടെ കാത്തിരിക്കുന്നതായി എംബസി അധികൃതര്‍ പറഞ്ഞു. ഇതിനിടെ, ജനുവരിയില്‍ വിമാന സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച് നടത്താനിരുന്ന പ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഒമ്പതു മാസം മുമ്പാണ് കോവിഡ് കാരണം സൗദി വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. ഇത്, ജനുവരി മുതല്‍ തുടങ്ങാനാണ് പദ്ധതി. ഇതിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം ഉണ്ടാകുമെന്നാണ് സൗദി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സൗദിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മറ്റു പല രാജ്യങ്ങളിലേക്കും എയര്‍ ബബ്ള്‍ കരാര്‍ പ്രകാരം സൗദി നിലവില്‍ വിമാന സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ കോവിഡ് കൂടുതലുള്ള ഇന്ത്യയടക്കം ചില രാജ്യങ്ങള്‍ സൗദിയുടെ യാത്രാവിലക്ക് പട്ടികയിലാണ്. നിലവില്‍ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യം ഇന്ത്യന്‍ എംബസി സൗദി മന്ത്രാലയത്തേയും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയേയും അറിയിച്ചു. എയര്‍ ബബ്ള്‍ കരാര്‍ സംബന്ധിച്ച അന്തിമ തീരുമാനം പെട്ടെന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എംബസിയും പ്രവാസികളും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.