ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഏറെ നാളായുള്ള കാത്തിരിപ്പ് അവസാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം കണ്ട ഏറ്റവും വലിയ വാക്‌സിന്‍ ദൗത്യത്തിന് രാജ്യത്ത് ഇന്ന് തുടക്കം. വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന പ്രധാനമന്ത്രി വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തു. വാക്‌സിന്‍ നടപടിക്രമങ്ങള്‍ക്ക് ഉള്ള കോ-വിന്‍ ആപ്പ് പ്രധാനമന്ത്രി പുറത്തിറക്കി. രാജ്യമൊട്ടാകെ മൂവായിരത്തിലധികം വാക്‌സിനേഷന്‍ ബൂത്തുകളാണ് സജ്ജമാക്കിയത്.
പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡും ഭാരത് ബയോടെകിന്റെ കൊവാക്‌സിനുമാണ് ആദ്യം നല്‍കുന്നത്. രണ്ട് വാക്സീനുകളും ഇന്ത്യയില്‍ തയ്യാറാക്കിയതാണ്. ഏറ്റവും ആവശ്യമുള്ളവര്‍ക്ക് ആദ്യം നല്‍കുമെന്നും വാക്സീന്‍ ദൗത്യത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഒരുകോടി ആരോഗ്യ പ്രവര്‍ത്തകരടക്കം മൂന്നുകോടി മുന്നണിപ്പോരാളികള്‍ക്കാണ് വാക്‌സിനേഷന്റെ ആദ്യഘട്ടത്തില്‍ മുന്‍ഗണന. രണ്ടാം ഡോസെടുത്ത് രണ്ടാഴ്ച കഴിഞ്ഞാലാണ് പ്രതിരോധശേഷി കൈവരികയെന്ന് പ്രധാനമന്ത്രി.
50 വയസിന് മുകളിലുള്ളവരും, 50 വയസിന് താഴെയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും അടുത്തഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും. ഗര്‍ഭിണികള്‍, അലര്‍ജി അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കുമ്പോള്‍ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ലോക്ഡൗണ്‍ അനിവാര്യമായിരുന്നു. മുന്നണിപ്പോരാളികളുടെ ദുരിതം വിവരിക്കുമ്പോള്‍ വികാരഭരിതനായി മോദി. മാസ്‌ക് ഉപേക്ഷിക്കരുത്, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. രണ്ടാംഘട്ടത്തില്‍ മുപ്പതുകോടി മുതിര്‍ന്നവര്‍ക്ക് വാക്സീന്‍ നല്‍കും. ദുഷ്പ്രചാരണങ്ങള്‍ കണക്കിലെടുക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.