
ന്യൂഡല്‍ഹി: ഇറാന്‍, ഇറാഖ്, ഗള്‍ഫ് വഴിയുള്ള വ്യോമപാതകള്‍ ഒഴിവാക്കാന്‍ വിമാന കമ്പനികള്‍ക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. അത്യാവശ്യ സാഹചര്യത്തിലല്ലാതെ ഇറാഖിലേക്കുള്ള യാത്ര ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്‍മാര്‍ക്കും നിര്‍ദേശമുണ്ട്. യു.എസ്-ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.
ഇറാഖില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ ജാഗ്രത പാലിക്കുകയും ഇറാഖിനകത്തെ യാത്രകള്‍ ഒഴിവാക്കുകയും ചെയ്യണം. ഇന്ത്യക്കാര്‍ക്ക് സഹായത്തിന് ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിയും എര്‍ബിലെ കോണ്‍സുലേറ്റും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാഖിലെ യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. അതേസമയം, ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ യാത്രാ വിമാന കമ്പനികളോട് ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.