ന്യൂഡല്‍ഹി: യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ ഇന്ത്യയിലെ യുഎഇ എംബസിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങണമെന്ന് നിര്‍ദേശം. എയര്‍ ഇന്ത്യയാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. യുഎഇയുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന് അഫയേഴ്സിന്റെയും അനുമതിയ്ക്ക് പുറമെയാണിത്.
രാജ്യത്ത് കുടുങ്ങിയ പ്രവാസികളില്‍ തിരികെ പോകാനാഗ്രഹിക്കുന്നവര്‍ക്ക് സൗകര്യമൊരുക്കണമെന്ന ആവശ്യം ഇതിനോടകം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ സ്വാഗതം ചെയ്യുന്നതായി അറിയിച്ച യുഎഇ, ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയതിന് ശേഷം മാത്രമേ യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ എടുക്കാവൂ എന്നതടക്കമുള്ള പ്രത്യേക നിബന്ധനകളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വന്ദേ ഭാരത് വിമാനങ്ങളില്‍ യുഎഇയിലേക്ക് പോകുന്നതിന് യുഎഇ എംബസിയില്‍ നിന്നും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെയും പ്രത്യേക അനുമതി കൂടി വാങ്ങണമെന്നാണ് എയര്‍ഇന്ത്യയുടെ അറിയിപ്പ്. എന്നാല്‍ ഈ അനുമതി എങ്ങനെ ലഭ്യമാകുമെന്ന് വ്യക്തമാക്കിയിട്ടില്ല.
അതേസമയം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി യുഎഇയിലേക്ക് പോകുന്ന വന്ദേ ഭാരത് വിമാനങ്ങളില്‍ ഇവിടെ നിന്നുള്ള യാത്രക്കാരെ യുഎഇയിലേക്ക് കൊണ്ടുവരരുതെന്ന് യുഎഇ എയര്‍ ഇന്ത്യയോട് നിര്‍ദേശിച്ചിട്ടുണ്ട്. യുഎഇ സിവില്‍ ഏവിയേഷന്‍ അതോരിറ്റി ജൂണ്‍ 23ന് പുറത്തിറക്കിയ സുരക്ഷാ നിര്‍ദേശം അനുസരിച്ച് യാത്രക്കാരെ സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകാനായി രാജ്യത്തെത്തുന്ന വിമാനങ്ങളില്‍ യുഎഇയിലെയോ മറ്റ് രാജ്യങ്ങളിലെയോ പൗരന്മാരെ കൊണ്ടുവരുന്നതിന് വിലക്കുണ്ട്. ഈ സാഹചര്യത്തില്‍ വന്ദേ ഭാരത് വിമാനങ്ങളില്‍ യാത്രക്കാരെ യുഎഇയിലേക്ക് കൊണ്ടുപോകാനുള്ള നീക്കത്തിന് അനുമതി ലഭിക്കുമോയെന്ന കാര്യത്തിലും വ്യക്തതയില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.