
ന്യൂഡല്‍ഹി: ഇനി വിമാനത്തില്‍ സഞ്ചരിക്കുമ്പോഴും കപ്പല്‍ യാത്ര ചെയ്യുമ്പോഴും ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ ഫോണില്‍ വിളിക്കുന്നതിനും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും കഴിയും. ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള വിജ്ഞാപനം കേന്ദ്ര ഗവണ്മെന്റ് പുറപ്പെടുവിച്ചു. ഇന്ത്യയില്‍ സര്‍വീസുകള്‍ നടത്തുന്ന ഇന്ത്യന്‍, വിദേശ വ്യോമയാന, കപ്പല്‍ കമ്പനികള്‍ക്ക്, സാധുവായ ഇന്ത്യന്‍ ടെലികോം ലൈസന്‍സുള്ള ഒരു കമ്പനിയുമായുള്ള പങ്കാളിത്തത്തിലൂടെ ഈ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് കഴിയും.
ഇത് സംബന്ധിച്ച് ഗവണ്മെന്റ് പുറപ്പെടുവിച്ച ചട്ടങ്ങള്‍, ‘ഫ്ളൈറ്റ് ആന്‍ഡ് മാരിടൈം കണക്റ്റിവിറ്റി (ഐഎഫ്എംസി) റൂള്‍സ് 2018’ എന്നാണ് അറിയപ്പെടുന്നത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ അത് പ്രാബല്യത്തില്‍ വരുമെന്നും ഡിസംബര്‍ 14നു പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു. ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള ടെലികോം നെറ്റ്വര്ക്കുകള് മുഖേനയും ഉപഗ്രഹങ്ങള്‍ മുഖേനയും വിമാനങ്ങളിലും കപ്പലുകളിലും ശബ്ദ, ഡേറ്റ സേവനങ്ങള്‍ എത്തിക്കുന്നതിന് കഴിയും.
സാധുവായ ഇന്ത്യന്‍ ടെലികോം ലൈസന്‍സുള്ള കമ്പനിക്ക് സ്പേസ് ഡിപ്പാര്‍ട്ടുമെന്റിന്റെ അനുമതിയോടെ ഇന്ത്യയുടേയോ വിദേശ രാജ്യങ്ങളുടെയോ ഉപഗ്രഹങ്ങള്‍ മുഖേന ഈ സേവനങ്ങള്‍ എത്തിക്കാവുന്നതാണ്. ഇന്ത്യയുടെ വ്യോമാതിര്‍ത്തിയില്‍ വിമാനം കുറഞ്ഞത് 3000 അടിയെങ്കിലും ഉയരത്തിലെത്തുമ്പോള്‍ മാത്രമേ ഐഎഫ്എംസി പ്രവര്ത്തിച്ചുതുടങ്ങുകയുള്ളു. ഭൂമിയിലെ മൊബൈല്‍ നെറ്റ്വര്‍ക്കുകളുമായി കൂടിക്കലരുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണിത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.