Currency

ട്രംപിന്റെ വിസ നയത്തില്‍ ആശങ്ക; ഇന്ത്യന്‍ ഐ.ടി. കമ്പനികള്‍ അമേരിക്കന്‍ പൗരന്‍മാരെ റിക്രൂട്ട് ചെയ്യുന്നു

സ്വന്തം ലേഖകന്‍Wednesday, November 30, 2016 7:38 am

എച്ച്1ബി വിസയില്‍ ട്രംപ് മാറ്റം വരുത്താനുള്ള സാധ്യതകള്‍ നിലനില്‍ക്കേയാണ് പുതിയ നീക്കവുമായി ഐ.ടി കമ്പനികള്‍ രംഗത്തെത്തുന്നത്.

 

മുംബൈ: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിസ നയത്തെ കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കേ ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ കൂടുതല്‍ അമേരിക്കന്‍ പൗരന്‍മാരെ പ്രൊജക്ടുകള്‍ക്കായി റിക്രൂട്ട് ചെയ്യുന്നു. എച്ച്1ബി വിസയില്‍ ട്രംപ് മാറ്റം വരുത്താനുള്ള സാധ്യതകള്‍ നിലനില്‍ക്കേയാണ് പുതിയ നീക്കവുമായി ഐ.ടി കമ്പനികള്‍ രംഗത്തെത്തുന്നത്. ഇന്ത്യന്‍ ഐ.ടി കമ്പനികളില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിനും ഇന്‍ഫോസിസിനും വിപ്രോയ്ക്കുമാണ് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഐ.ടി പ്രൊഫഷണലുകളുള്ളത്. 2005 മുതല്‍ 2014 വരെയുളള കാലയളവില്‍ എകദേശം 86,000 ഐ.ടി പ്രൊഫഷണലുകളാണ് ഇത്തരത്തില്‍ അമേരിക്കയിലെത്തിയത്. ഇവരില്‍ പലരും എച്ച്1 ബി വിസ ഉപയോഗിച്ചാണ് അമേരിക്കയില്‍ താമസിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ തന്നെ ഈ വിസയില്‍ മാറ്റം വരുത്തുമെന്ന് ട്രംപ് സൂചന നല്‍കിയിരുന്നു. ഇതിനോടപ്പം എച്ച്1 ബി വിസയുടെ മുഖ്യവിമര്‍ശകനായ ജെഫ് സെസണെയാണ് ട്രംപ് അറ്റോണി ജനറലായി നിയമിച്ചിരിക്കുന്നത്. ഇതും ഐ.ടി മേഖലയുടെ ആശങ്ക വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. പെട്ടെന്ന് വിസ നിയമത്തില്‍ മാറ്റം വരുത്തിയാല്‍ അത് ഇന്ത്യന്‍ കമ്പനികളുടെ അമേരിക്കയിലെ പ്രൊജക്ടുകളെ ഗുരുതരമായി ബാധിക്കും. ഇതാണ് അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യാന്‍ ഐ.ടി കമ്പനികളെ പ്രേരിപ്പിക്കുന്നത്. കൂടുതല്‍ അമേരിക്കന്‍ പൗരന്‍മാരെ തങ്ങള്‍ റിക്രൂട്ട് ചെയ്യാന്‍ ആരംഭിച്ച് കഴിഞ്ഞുവെന്നും തുടക്കകാരെയും ഇത്തരത്തില്‍ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പ്രവീണ്‍ റാവു പറഞ്ഞു.

ട്രംപ് അധികാരത്തിലെത്തിയതോടെ വിദേശ പ്രൊഫഷണലുകള്‍ക്കുള്ള മിനിമം വേതനത്തില്‍ വര്‍ധന വരുത്തുമെന്നാണ് അറിയുന്നത്. ഇതും ഐ.ടി കമ്പനികള്‍ക്ക് തിരിച്ചടിയാണ്. ഇത് മറികടക്കാനായി ഇന്ത്യയിലെ ഐ.ടി കമ്പനികള്‍ അമേരിക്കയിലെ ചെറിയ ഐ.ടി കമ്പനികളെ ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ്. ഇന്‍ഫോസിസ് അമേരിക്കന്‍ കമ്പനിയായ നോഹ കണ്‍സള്‍ട്ടന്‍സി സര്‍വീസിനെ ഏറ്റെടുത്തു കഴിഞ്ഞു. ടെക് മഹീന്ദ്രയും ഇത്തരത്തില്‍ ലൈറ്റ് ബ്രിഡ്ജ് എന്ന കമ്പനിയെ ഏറ്റെടുത്തിട്ടുണ്ട്. ഇതിനൊടാപ്പം ഓട്ടമേഷന്‍, കല്‍ഡ് കമ്പ്യൂട്ടിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സര്‍വീസുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഐ.ടി കമ്പനികളുടെ തീരുമാനം. ഈ സര്‍വീസുകള്‍ക്ക് കുറഞ്ഞ ഐ.ടി പ്രൊഫഷണലുകളുടെ സേവനം മാത്രം മതിയാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x