
ന്യൂഡല്‍ഹി: പുതിയ സുരക്ഷാസംവിധാനം ഒരുക്കാന്‍ ഇന്ത്യന്‍ റെയില്‍വെ തയാറെടുക്കുന്നു. ലോക്കോ പൈലറ്റിന് ഗാര്‍ഡുമാരുടെ സഹായമില്ലാതെ അവസാന ബോഗി നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കാനാണ് ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നത്. എന്‍ഡ് ഓഫ് ട്രെയിന്‍ ടെലിമെട്രി (ഇഒടിടി) സംവിധാനം 1000 ട്രെയിനുകളില്‍ ഒരുക്കാന്‍ റെയില്‍വെ ടെന്‍ഡര്‍ വിളിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി നൂറു കോടി രൂപ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇഒടിടി സംവിധാനം വഴി എന്‍ജിനിലുള്ള ലോക്കോ പൈലറ്റിന് ട്രെയിനിന്റെ അവസാന ബോഗിയിലെ വിവരങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയും. കാബ് ഡിസ്പ്ലേ യൂണിറ്റ് (സിഡിയു), സെന്‍സ് ആന്‍ഡ് ബ്രേക്ക് യൂണിറ്റ് (എസ്ബിയു) എന്നിവയടങ്ങുന്നതാണ് ഇഒടിടി സിസ്റ്റം. ട്രെയിനിന്റെ അവസാനത്തെ ബോഗിയിലാണ് ഇവ സജ്ജീകരിക്കുക. രണ്ടു യൂണിറ്റുകളും റേഡിയോ ട്രാന്‍സ്മിറ്റര്‍ വഴി പരസ്പരം ബന്ധപ്പെട്ടിരിക്കും. ഒരു ട്രെയിനില്‍ ഇഒടിടി ഘടിപ്പിക്കാന്‍ പത്തു ലക്ഷം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.
ഇഒടിടി സംവിധാനം ഘടിപ്പിക്കുന്നതു വഴി ഏതെങ്കിലും സാഹചര്യത്തില്‍ ട്രെയിനില്‍ ബ്രേക്ക് ഉപയോഗിക്കേണ്ടി വന്നാല്‍ മുന്നിലും പിന്നിലും ഒരുപോലെയായിരിക്കും ബ്രേക്ക് ഉപയോഗിക്കുക. ഇതുവഴി ബോഗികള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിന് സാധിക്കും. ഇഒടിടി സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യന്‍ റെയില്‍വേ ഉപയോഗിച്ചിട്ടുണ്ട്. ഇത് വിജയകരമായ സാഹചര്യത്തിലാണ് കൂടുതല്‍ ട്രെയിനുകളില്‍കൂടി ഘടപ്പിക്കാന് തീരുമാനിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.