Currency

ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ ബോട്ട് ‘ആദിത്യ’ യാത്രക്കൊരുങ്ങി

സ്വന്തം ലേഖകന്‍Sunday, December 4, 2016 9:15 am

ആലപ്പുഴ: ജല ഗതാഗത രംഗത്തു പുതിയ കാല്‍വെപ്പിനു തുടക്കമിട്ട് ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ ബോട്ട് യാത്രക്കൊരുങ്ങി. ജല ഗതാഗത വകുപ്പിനു വേണ്ടി നിര്‍മിച്ച സൗരോര്‍ജ ബോട്ട് തവണക്കടവ്- വൈക്കം റൂട്ടില്‍ ഈ മാസം മുതല്‍ ഓടിത്തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. രാജ്യത്തെ ആദ്യ സോളര്‍ ബോട്ട് ‘ആദിത്യ’യുടെ ട്രയല്‍ റണ്ണിനു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ നേതൃത്വം നല്‍കി. അടുത്ത ഘട്ടത്തില്‍ അന്‍പതോളം സൗരോര്‍ജ യാത്രാ ബോട്ടുകള്‍ ഇറക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാറിനു സമര്‍പ്പിച്ചിട്ടുണ്ട്. സൗരോര്‍ജ ബോട്ട് സര്‍വീസ് ലാഭകരമായാല്‍ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ മുഴുവന്‍ സര്‍വീസുകളും സൗരോര്‍ജ ബോട്ടുകളാക്കുമെന്നു മന്ത്രി അറിയിച്ചു.

75 യാത്രികരെ വഹിക്കാന്‍ ശേഷിയുള്ള ബോട്ടിന് നാല് ബസിന്റെ വലിപ്പം വരും. ഫൈബര്‍ ഗ്ലാസ്സ് ഉപയോഗിച്ചാണ് നിര്‍മ്മിതി. ഏഴ് മീറ്റര്‍ വീതിയും ഇരുപത് മീറ്റര്‍ നീളവുമുണ്ട്. മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചിരിക്കുന്നു. 7.5 നോട്ടിക്കല്‍ ആണ് വേഗത. മലയാളിയായ സന്തിത് തണ്ടാശേരിയാണ് നിര്‍മാതാവ്. ഇന്‍ഡോ ഫ്രഞ്ച് സംരംഭമായ നവാള്‍ട്ടിന്റെ മാനേജിങ് ഡയറക്ടറായ സന്തിത് മികച്ച ഷിപ്പ് ഡിസൈനറാണ്. അന്തരീക്ഷ, ജല, ശബ്ദ മലിനീകരണമില്ല, യാത്രയില്‍ വൈബ്രേഷന്‍ അനുഭവപ്പെടില്ലെന്നും സന്തിത് പറഞ്ഞു. ബോട്ടു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷമെടുത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x