
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയ്ക്ക് ചരിത്രനേട്ടം. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളും ആറു വിദേശ രാജ്യങ്ങളുടെ 101 സാറ്റ്‌ലൈറ്റുകളുമുള്‍പ്പെടെ 104 ഉപഗ്രഹങ്ങളും വഹിച്ചുള്ള പിഎസ്എല്‍വി സി37 റോക്കറ്റിന്റെ വിക്ഷേപണം വിജയകരം. രാജ്യാന്തര ബഹിരാകാശ ചരിത്രത്തില്‍ ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെന്നത് ആദ്യ സംഭവമാണ്. ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 1500 കിലോഗ്രാം ഭാരമുണ്ട്.
ബുധനാഴ്ച രാവിലെ 9.28 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് കേന്ദ്രത്തില്‍ നിന്ന് ഉപഗ്രഹങ്ങളും വഹിച്ച് പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്. പിഎസ്എല്‍വിയുടെ മുപ്പത്തൊമ്പതാം ദൗത്യമാണ് സി37. വിക്ഷേപിച്ച 104 ഉപഗ്രഹങ്ങളില്‍ 80 എണ്ണം അമേരിക്കയുടേതാണ്. ഭൂമിയെ നിരീക്ഷിക്കാനുള്ള ഉപഗ്രഹ സമൂഹമാണിവ.
നേരത്തെ 2016 ഡിസംബര്‍ 26 ല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിക്ഷേപണം 2017 ഫെബ്രുവരി 15 ലേക്ക് മാറ്റുകയായിരുന്നു. ഒറ്റയടിക്ക് 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് 21 വിദേശ ഉപഗ്രഹങ്ങള്‍കൂടി വിഷേപിക്കാന്‍ തീരുമാനിച്ചതോടെയാണ് വിഷേപണത്തിനുള്ള തീയതി മാറ്റിയത്. ഐഎസ്ആര്‍ഒയുടെ ഇതുവരെയുള്ള വലിയ ദൗത്യം 20 ഉപഗ്രഹങ്ങളെ ഒരുമിച്ച് കഴിഞ്ഞ വര്‍ഷം ഭ്രമണപഥത്തിലെത്തിച്ചതാണ്. 2014 ല്‍ ഒറ്റ വിക്ഷേപണത്തില്‍ 37 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച റഷ്യയാണ് നിലവില്‍ മുന്നില്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.