Currency

ജനതാകര്‍ഫ്യൂ: കേരളവും സ്തംഭിക്കും; കടകള്‍ അടച്ചിടും, വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല

സ്വന്തം ലേഖകന്‍Sunday, March 22, 2020 11:46 am

തിരുവനന്തപുരം: കൊവിഡ് 19 വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനൊപ്പമാണ് സംസ്ഥാനവും. 14 മണിക്കൂര്‍ ജനം വീട്ടിലിരിക്കും. രാവിലെ ഏഴ് മണിമുതല്‍ രാത്രി ഒമ്പത് മണി വരെയാണ് കര്‍ഫ്യൂ. ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ച സംസ്ഥാന സര്‍ക്കാര്‍ വീടും പരിസരവും വ്യത്തിയാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 14 മണിക്കൂര്‍ ജനാത കര്‍ഫ്യൂവിന് സംസ്ഥാനം നല്‍കുന്ന പൂര്‍ണ്ണ പിന്തുണയില്‍ കടകമ്പോളങ്ങള്‍ അടച്ചിടും. ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും തുറക്കില്ല. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്തില്ല. കൊച്ചി മെട്രോ അടക്കം ട്രെയിനുകള്‍ ഓടില്ല. ഓട്ടോയും ടാക്‌സികളും നിരത്തിലിറങ്ങില്ല. ബാറുകള്‍ ഉള്‍പ്പടെ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ലെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കി.

പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍, ആംബുലന്‍സ് ഉള്‍പ്പടെ അവശ്യസര്‍വ്വീസിനുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കും. അതിനായി പ്രത്യേക ക്രമീകരണമേര്‍പ്പെടുത്തും. മെഡിക്കല്‍ സ്റ്റോറുകള്‍ തുറക്കും. അവശ്യ സര്‍വ്വീസുകളായ ആരോഗ്യവകുപ്പിനും പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമാണ് കര്‍ഫ്യൂവില്‍ നിന്ന് ഇളവ്.

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമെല്ലാം ജനതാ കര്‍ഫ്യൂവില്‍ അണിചേരും. സ്വകാര്യവാഹനങ്ങള്‍ നിരത്തിലറക്കരുതെന്നാണ് അഭ്യര്‍ത്ഥന. സമൂഹവ്യാപനത്തിലേക്ക് കൊവിഡ് കടക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ന് ഏഴ് മണിമുതല്‍ രാത്രി ഒമ്പത് മണി വരെയുള്ള ജനതാ കര്‍ഫ്യൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x