
ന്യൂഡല്‍ഹി: ഐ.ഐ.ടി- എന്‍.ഐ.ടി- ഐ.ഐ.ഐ.ടിയടക്കം കേന്ദ്ര സഹായത്തോടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിവിധ എന്‍ജിനീയറിങ് ആര്‍ക്കിടെക്ചര്‍ പ്ലാനിങ് സ്ഥാപനങ്ങളില്‍ പ്രവേശനത്തിനുള്ള ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ പരീക്ഷയുടെ രജിസ്‌ട്രേഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത് ഗള്‍ഫിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ ആയിരക്കണക്കിനു വിദ്യാര്‍ഥികളെ വലയ്ക്കുന്നു.
ഏപ്രില്‍ രണ്ടിന് രാജ്യത്തെ 104 കേന്ദ്രങ്ങളില്‍ നടക്കുന്ന പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ജനുവരി രണ്ടിന് അവസാനിക്കാനിരിക്കെ മക്കള്‍ക്ക് ആധാര്‍ കാര്‍ഡ് സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഭൂരിപക്ഷം രക്ഷിതാക്കളും. അപേക്ഷകന്റെ ജനനത്തീയതി സംബന്ധിച്ച വ്യക്തതയ്ക്ക് വേണ്ടിയാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ആധാര്‍ നമ്പര്‍ രേഖപ്പെടുത്താത്ത അപേക്ഷ നിരസിക്കുമെന്നതിനാല്‍ പലരും അവധിയെടുത്ത് നാട്ടിലെത്തി കാര്‍ഡ് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്. ആധാറിന് അപേക്ഷകന്‍ നേരിട്ടെത്തണമെന്നതിനാല്‍ കുട്ടികളെയും ഒപ്പം കൂട്ടിയാണ് രക്ഷിതാക്കള്‍ എത്തുന്നത്. അപേക്ഷകന്റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോയും വേണമെന്നതും വിരലടയാളം പതിപ്പിക്കേണ്ടതും രക്ഷിതാക്കളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വന്‍സാമ്പത്തിക നഷ്ടവും നേരിടേണ്ടി വരുന്നു.
കേരളത്തില്‍ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം 120ലധികം സ്‌കൂളുകളുണ്ട്. സി.ബി.എസ്.ഇ സിലബസിലുള്ള സ്‌കൂളുകളില്‍ എന്‍ട്രന്‍സ് പരിശീനവും ഉള്ളതിനാല്‍ ജെ.ഇ.ഇ പരീക്ഷയ്ക്ക് അപേക്ഷകരുടെ വന്‍തിരക്കാണ്. പ്ലസ് ടു തലത്തില്‍ കുറഞ്ഞത് അഞ്ചു വിഷയം എങ്കിലും എടുത്ത് പഠിച്ചിരിക്കണമെന്നതാണ് യോഗ്യത.
ഒരാള്‍ മൂന്ന് തവണയില്‍ കൂടുതല്‍ ഈ പരീക്ഷ അഭിമുഖീകരിക്കാനും അനുവദിക്കില്ല. അതിനാല്‍ നിസ്സാരപ്രശ്‌നങ്ങളുടെ പേരില്‍ പരീക്ഷയില്‍നിന്ന് വിട്ടുനില്‍ക്കാനും ആരും തയാറാവില്ല. ഭൂരിപക്ഷം കുട്ടികളും പരീക്ഷ എഴുതുമെന്നതും പ്രത്യേകതയാണ്. പ്രവാസി വിദ്യാര്‍ഥികളില്‍ ബഹുഭൂരിപക്ഷത്തിനും നിലവില്‍ ആധാര്‍ കാര്‍ഡില്ലെന്നാണ് വിവരം. എന്നാല്‍, അടിയന്തരമായി കാര്‍ഡ് ലഭിക്കാനുള്ള സംവിധാനമുണ്ടെന്നും മതിയായ രേഖകള്‍ ഹാജരാക്കിയാല്‍ എത്രയും വേഗം കാര്‍ഡ് ലഭ്യമാക്കുമെന്നും റവന്യൂ അധികൃതര്‍ അറിയിച്ചു. അക്ഷയകേന്ദ്രങ്ങളിലും അപേക്ഷിക്കാമെന്നതിനാല്‍ ആര്‍ക്കും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും റവന്യൂ അധികൃതര്‍ പറയുന്നു. ഇത്തവണ ജെ.ഇ.ഇ മെയിന്‍ പരീക്ഷയ്ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രസര്‍ക്കാറും മനുഷ്യവിഭവശേഷി മന്ത്രാലയവും നേരത്തേ അറിയിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.