
കണ്ണൂര്‍: മലബാര്‍ മേഖലയുടെ സ്വപ്നമായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 95 ശതമാനം നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തില്‍ അടുത്ത സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കിയാല്‍ എംഡി പി. ബാലകിരണ്‍. വിമാന സര്‍വ്വീസുകളാരംഭിക്കുന്നതിന്റെ ആദ്യ പടിയായി 2018 ജനുവരിയില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പരീക്ഷണപ്പറക്കലിന് സജ്ജമാകും. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായതിനാല്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി, നാവിഗേഷന്‍ ലൈസന്‍സുകള്‍ ലഭിക്കാന്‍ കാലതാമസമുണ്ട്. ഇതാണ് കമ്മിഷനിങ് സെപ്റ്റംബര്‍വരെ നീളാന്‍ കാരണം. സെപ്റ്റംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിമാനം പറന്നുയരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനുവരി ആദ്യം റഡാര്‍ സെറ്റിങ് പൂര്‍ണമാകും. ഫെബ്രുവരിയോടെ നിര്‍മാണപ്രവര്‍ത്തനങ്ങളും മറ്റു സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്ന ജോലികളും പൂര്‍ത്തിയാകും. പിന്നീട് വിമാനത്താവള ലൈസന്‍സ് കിട്ടുന്നമുറക്ക് ഉദ്ഘാടനം നടത്താനാകും. വിമാനത്താവളത്തിന്റെ 3050 മീറ്റര്‍ റണ്‍വേ പൂര്‍ത്തിയായിക്കഴിഞ്ഞു. ഏപ്രില്‍ ഇരുപത് പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഉണ്ടാകും. വിമാനത്താവളത്തില്‍ 700 കാറുകള്‍ക്കും 200 ടാക്സികള്‍ക്കും 25 ബസുകള്‍ക്കും ഒരേ സമയം പാര്‍ക്കിങ് സൗകര്യമുണ്ട്. 95,000 ചതുരശ്രമീറ്റര്‍ ആണ് പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെ വലുപ്പം. 48 ചെക്കിങ് കൗണ്ടര്‍, 16 എമിഗ്രേഷന്‍ കൗണ്ടര്‍, 16 കസ്റ്റംസ് കൗണ്ടര്‍, 12 എസ്‌കലേറ്റര്‍, 15 എലിവേറ്റര്‍ എന്നിവയും ഉണ്ടാവും. ഇവയുടെ നിര്‍മാണജോലികള്‍ പുരോഗമിക്കുകയാണ്. പാസഞ്ചര്‍ ടെര്‍മിനലിന്റെ വലുപ്പത്തില്‍ രാജ്യത്ത് എട്ടാം സ്ഥാനമാണ്. ഇതുവരെ 2061 ഏക്കര്‍ സ്ഥലം ഉപയോഗപ്പെടുത്തി.
4000 മീറ്റര്‍ റണ്‍വേക്കായി സ്ഥലം പൂര്‍ണമായി ഏറ്റെടുക്കുന്നതിന് നടപടി തുടങ്ങി. 250 ഏക്കറോളം സ്ഥലം ഇനിയും വേണ്ടിവരും. റണ്‍വേയുടെ വലുപ്പം നോക്കിയാല്‍ രാജ്യത്തെ നാലാമത്തെ വിമാനത്താവളമായിരിക്കും കണ്ണൂരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 64 സി.ഐ.എസ്.എഫുകാരെ സുരക്ഷയ്ക്കായി നിയമിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.