Currency

കണ്ണൂര്‍ വിമാനത്താവളം രാജ്യാന്തര വ്യോമയാന ഭൂപടത്തില്‍; ജൂണില്‍ സര്‍വീസെന്ന് സൂചന

സ്വന്തം ലേഖകന്‍Sunday, February 18, 2018 8:32 pm

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തെ രാജ്യാന്തര വ്യോമയാന ഭൂപടത്തില്‍ അടയാളപ്പെടുത്തി. വിമാനത്താവളത്തിന്റെ സിഗ്നല്‍ സംവിധാനങ്ങള്‍ പരീക്ഷിക്കുന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഡോണിയര്‍ വിഭാഗത്തില്‍പ്പെട്ട കാലിബ്രേഷന്‍ വിമാനം കണ്ണൂര്‍ വിമാനത്താവളത്തിനു മുകളിലൂടെ വിജയകരമായി പറന്നു. ബംഗളുരുവില്‍ നിന്നായിരുന്നു കണ്ണൂര്‍ വിമാനത്താവളത്തിനു മുകളിലെത്തിയത്.

ഡോപ്ലര്‍ വെരി ഹൈ ഫ്രീക്വന്‍സി ഒമ്നി റേഞ്ച് (ഡിവിഒആര്‍) എന്ന സിഗ്നലിങ് ഉപകരണത്തിന്റെ ക്ഷമത പരിശോധിച്ചു കാര്യക്ഷമമവും തൃപ്തികരവുമാണെന്നു വിലയിരുത്തിയ ശേഷം വിമാനം തിരികെ പോയി. പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി എന്ന സന്ദേശം നല്‍കിയാണ് വിമാനം മടങ്ങിയത്. ജൂണിലോ ജൂലൈയിലോ വിമാന സര്‍വീസ് ആരംഭിക്കാന്‍ കഴിയുന്ന വിധത്തിലാണു നടപടികള്‍ പുരോഗമിക്കുന്നത്. അയ്യായിരത്തോളം അടി ഉയരത്തില്‍ രണ്ടു മണിക്കൂറോളം വട്ടമിട്ടു പറന്നാണു പരിശോധന നടത്തിയത്.

സിഗ്നല്‍ സംവിധാനങ്ങള്‍ പൂര്‍ത്തിയായതോടെ വ്യോമയാന റഡാറില്‍ കണ്ണൂരിന്റെ സ്ഥാനം കാണാന്‍ കഴിയും. അള്‍ട്ടീമീറ്റര്‍ മാപ്പില്‍ പരീക്ഷണ പറക്കലിന്റെ ഘടന രേഖപ്പെടുത്തി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ എയര്‍ ട്രാഫിക് ഡിജിഎം ജി. പ്രദീപിന്റെ നേതൃത്വത്തിലാണ് ഡിവിഒആര്‍ കാലിബ്രേഷന്‍ നിരീക്ഷിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x