
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വീസ് ആരംഭിക്കുന്നതിനുള്ള എയര്‍ ഇന്ത്യയുടെ ഷെഡ്യൂള്‍ തയാര്‍. വിമാനത്താവളത്തിന്റെ ഉദ്ഘാടനം അടുത്തമാസം അവസാനത്തോടെ നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ ഷെഡ്യൂള്‍ പുറത്തുവിട്ടത്. ഒക്ടോബര്‍ 29 മുതല്‍ സര്‍വീസ് ആരംഭിക്കുന്നതിനാണ് തീരുമാനം. തീയതിയും സമയവും നിശ്ചയിച്ചെങ്കിലും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടില്ല.
ആദ്യഘട്ടത്തില്‍ അബുദാബി, ദുബായ്, മസ്‌കറ്റ്, ഒമാന്‍, റിയാദ്, ദമാം, ഷാര്‍ജ എന്നിവടങ്ങളിലേക്കാണ് സര്‍വീസ്. ദിവസം മൂന്നു സര്‍വീസുകള്‍ നടത്താനാണ് ധാരണയായിട്ടുള്ളത്. എയര്‍ ഇന്ത്യക്കുപുറമെ ജെറ്റ് എയര്‍വേസ്, ഗോ എയര്‍, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികള്‍ക്കും കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഈ വിമാന കമ്പനികളും അടുത്തദിവസം ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.
അതിനിടെ, വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള ലൈസന്‍സിനായുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) പരിശോധന 17,18,19 തീയതികളില്‍ നടക്കും. കണ്ണൂര്‍ വിമാനത്താവളത്തിലെ റണ്‍വേ, പാസഞ്ചര്‍ ടെര്‍മിനല്‍, സുരക്ഷാ സംവിധാനങ്ങള്‍, കസ്റ്റംസ് പരിശോധനാ സംവിധാനങ്ങള്‍ എന്നിവയൊക്കെ പൂര്‍ണസജ്ജമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.