Currency

കണ്ണൂര്‍ വിമാന സര്‍വിസിന്റെ സമ്പൂര്‍ണ ഷെഡ്യൂള്‍ മാര്‍ച്ചില്‍

സ്വന്തം ലേഖകന്‍Sunday, November 4, 2018 12:21 pm

കണ്ണൂര്‍: 2019 വരെയുള്ള ശൈത്യകാല അന്താരാഷ്ട്ര വിമാന സര്‍വിസിന്റെ എയര്‍പോര്‍ട്ട് മൂവ്‌മെന്റ് റിപ്പോര്‍ട്ട് ഡി.ജി.സി.എ പുറത്തിറക്കി. കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടാതെയുള്ളതാണ് റിപ്പോര്‍ട്ട്. അതേസമയം, കണ്ണൂരില്‍നിന്ന് സര്‍വിസ് നടത്താന്‍ സന്നദ്ധമായ എയര്‍ലൈന്‍സുകള്‍ക്ക് അനുമതി കിട്ടുന്നതിനനുസരിച്ച് സര്‍വിസ് തുടങ്ങാനാവുമെന്ന് കിയാല്‍ അധികൃതര്‍ വ്യക്തമാക്കി.

ഒക്‌ടോബര്‍ 28 മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ളതാണ് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര-ആഭ്യന്തര ഷെഡ്യൂള്‍. അന്താരാഷ്്ട്ര സര്‍വിസ് നടത്തുന്ന എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വേസ്, സ്‌പൈസ് ജെറ്റ് എന്നിവയുടെ ഷെഡ്യൂളാണ് ഇറങ്ങിയത്. ഒക്‌ടോബര്‍ 28ന് ശൈത്യകാല ഷെഡ്യൂള്‍ തയാറാക്കുമ്പോള്‍ പ്രവര്‍ത്തനസജ്ജമായ വിമാനത്താവളങ്ങളെ മാത്രമേ സ്വാഭാവികമായും അതില്‍ ഉള്‍പ്പെടുത്തുകയുള്ളൂവെന്ന് കിയാല്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.

ഡിസംബറില്‍ ഉദ്ഘാടനം നടക്കുകയും എയര്‍ലൈന്‍സുകളുടെ അന്തിമ ഷെഡ്യൂള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നതോടെ അടുത്ത മാര്‍ച്ച് മുതല്‍ ആരംഭിക്കുന്ന ഷെഡ്യൂളില്‍ കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടും. അതുവരെയും നിലവിലെ വിമാനക്കമ്പനികളുമായുള്ള ധാരണയനുസരിച്ച സര്‍വിസാണ് നടക്കുക. കഴിഞ്ഞദിവസമിറങ്ങിയ ആഭ്യന്തര ശൈത്യകാല ഷെഡ്യൂളിലെ രണ്ട് ആഭ്യന്തരറൂട്ടുകളില്‍ കണ്ണൂരിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡിഗോയുടെ 6.ഇ.7972, 6.ഇ.7972 നമ്പര്‍ വിമാനങ്ങള്‍ക്ക് ഹുബ്ലി-കണ്ണൂര്‍ റൂട്ടിലാണ് സര്‍വിസ് അനുവദിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x