
കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജനുവരി 15 മുതല്‍ റണ്‍വേ വീണ്ടും താല്‍ക്കാലികമായി അടക്കും. റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം കൂട്ടുന്നതിനായാണ് റണ്‍വേ അടക്കുന്നത്. ഇതിന്റെ നോട്ടാം (നോട്ടിസ് ടു എയര്‍മാന്‍) പുറപ്പെടുവിക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുമതി നല്‍കി. മാര്‍ച്ച് 24 വരെ പകല്‍ 12 മുതല്‍ 2.30 വരെയും 3.30 മുതല്‍ വൈകിട്ട് ഏഴുവരെയുമാണ് അടക്കുക.
ഒരു മണിക്കൂറിനിടയില്‍ അബൂദബി വിമാനം വരാനുള്ളതിനാലാണ് 2.30 മുതല്‍ 3.30 വരെ റണ്‍വേ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് പുതിയ വേനല്‍ക്കാല സമയക്രമ പട്ടിക തയാറാകുന്നതിനനുസരിച്ച് മാര്‍ച്ച് 25 മുതല്‍ ജൂണ്‍ 30 വരെ ഉച്ചക്ക് 12 മുതല്‍ രാത്രി എട്ടുവരെ റണ്‍വേ അടക്കാനുള്ള അനുമതിയും ഡി.ജി.സി.എ നല്‍കിയിട്ടുണ്ട്.
ജനുവരി 15 മുതലാണ് നാല് കോടി രൂപ ചെലവില്‍ റിസയുടെ നിര്‍മാണം ആരംഭിക്കുക. നിലവില്‍ 2,860 മീറ്ററുള്ള കരിപ്പൂരിലെ റണ്‍വേ 150 മീറ്റര്‍ കുറച്ചാണ് റിസയുടെ നീളം വര്‍ധിപ്പിക്കുക. നിലവില്‍ 90 മീറ്റര്‍ നീളമുള്ള റിസ 240 മീറ്ററായാണ് വികസിപ്പിക്കുക. റണ്‍വേയിലെ പ്രകാശസംവിധാനങ്ങള്‍ പുനഃസ്ഥാപിക്കലാണ് പ്രധാനജോലി. റണ്‍വേയില്‍ നിന്ന് വിമാനം തെന്നിയാല്‍ സുരക്ഷിതമായി ചെന്നുനില്‍ക്കേണ്ട ചതുപ്പ് പ്രദേശമാണ് റിസ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.