Currency

ഷാര്‍ജ ഭരണാധികാരിക്ക് മുന്നില്‍ ഏഴു പദ്ധതികളുമായി കേരളം; പ്രതീക്ഷയോടെ പ്രവാസികള്‍

സ്വന്തം ലേഖകന്‍Wednesday, September 27, 2017 7:39 am

മലയാളികള്‍ക്കുവേണ്ടി ഷാര്‍ജയില്‍ ഭവന പദ്ധതി, ഷാര്‍ജയില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ സംരംഭം, ഐടി മേഖലയില്‍ കേരളം - ഷാര്‍ജ സഹകരണം തുടങ്ങിയ പദ്ധതികള്‍ക്കുള്ള സഹായമാണ് ഷാര്‍ജ ഭരണാധികാരിയോട് അഭ്യര്‍ത്ഥിച്ചത്. ഷാര്‍ജയിലെ മലയാളികള്‍ക്കു തൊഴില്‍ സുരക്ഷയും മികച്ച ശമ്പളവും ഷെയ്ഖ് സുല്‍ത്താന്‍ ഉറപ്പു നല്‍കി.

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും നടത്തിയ ചര്‍ച്ചയില്‍ കേരളം മുന്നോട്ടുവച്ചത് ഏഴിന പദ്ധതികളും നിര്‍ദ്ദേശങ്ങളും. മലയാളികള്‍ക്കുവേണ്ടി ഷാര്‍ജയില്‍ ഭവന പദ്ധതി, ഷാര്‍ജയില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ സംരംഭം, ഐടി മേഖലയില്‍ കേരളം – ഷാര്‍ജ സഹകരണം തുടങ്ങിയ പദ്ധതികള്‍ക്കുള്ള സഹായമാണ് ഷാര്‍ജ ഭരണാധികാരിയോട് അഭ്യര്‍ത്ഥിച്ചത്. ഷാര്‍ജയിലെ മലയാളികള്‍ക്കു തൊഴില്‍ സുരക്ഷയും മികച്ച ശമ്പളവും ഷെയ്ഖ് സുല്‍ത്താന്‍ ഉറപ്പു നല്‍കി. ആവശ്യമായ മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തും.

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിനു സര്‍ക്കാര്‍ സ്ഥലം നല്‍കുമെന്നു പിണറായി അറിയിച്ചു. അതേസമയം കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവത്തോടെ പരിഗണിക്കുമെന്നു ഷെയ്ഖ് സുല്‍ത്താന്‍ അറിയിച്ചു. തന്നെ അനുഗമിച്ച വകുപ്പുമേധാവികളോട് ഇക്കാര്യം പരിശോധിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. തുടര്‍നടപടികള്‍ക്കായി ഇന്ത്യയിലെ യുഎഇ അംബാസഡറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ദേശിച്ച പദ്ധതികള്‍:

1. ഷാര്‍ജ ഫാമിലി സിറ്റി: മലയാളികള്‍ക്ക് വേണ്ടി ഷാര്‍ജയില്‍ ഭവന പദ്ധതി. ഉയരം കൂടിയ 10 അപ്പാര്‍ട്ട്മെന്റ് ടവറുകളാണ് ഉദ്ദേശിക്കുന്നത്. ഇതിന് 10 ഏക്കര്‍ ഭൂമി ആവശ്യമുണ്ട്. കേരളവും ഷാര്‍ജയും സഹകരിച്ച് ഈ പദ്ധതി നടപ്പാക്കാന്‍ കഴിയും.

2. ഷാര്‍ജയില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ സംരംഭം: അന്താരാഷ്ട്ര നിലവാരമുള്ള പബ്ലിക് സ്‌കൂളുകള്‍, എഞ്ചിനീയറിങ് കോളജ്, മെഡിക്കല്‍ കോളജ്, നൈപുണ്യവികസന പരിശീലന കേന്ദ്രങ്ങള്‍ എന്നിങ്ങനെ മികവുറ്റ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

3. ഷാര്‍ജയില്‍ സാംസ്‌കാരിക കേന്ദ്രം: കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്ന മ്യൂസിയം, കലകള്‍ അവതരിപ്പിക്കുന്നതിനുള്ള വേദികള്‍, പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുള്ള സൗകര്യം, ആയുര്‍വേദം അടിസ്ഥാനമാക്കിയുള്ള മെഡിക്കല്‍ ടൂറിസത്തിന് ഷാര്‍ജയില്‍ സൗകര്യം ഇവയാണ് സാംസ്‌കാരിക കേന്ദ്രത്തില്‍ ഉദ്ദേശിക്കുന്നത്.

4. ആയുര്‍വേദവും മെഡിക്കല്‍ ടൂറിസവും: ഷാര്‍ജയില്‍ നിന്ന് വരുന്ന അതിഥികള്‍ക്ക് വേണ്ടി കേരളത്തില്‍ പ്രത്യേക ആയുര്‍വേദം ടൂറിസം പാക്കേജുകള്‍. ഷാര്‍ജയില്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ച സാംസ്‌ക്കാരിക കേന്ദ്രത്തില്‍ കേരളത്തിന്റെ ആയുര്‍വേദ ഹബും സ്ഥാപിക്കാവുന്നതാണ്.

5. പശ്ചാത്തല വികസന മേഖലയില്‍ മുതല്‍ മുടക്കുന്നതിനുള്ള സാധ്യതകള്‍: അടുത്ത 4 വര്‍ഷം കൊണ്ട് ഈ മേഖലയില്‍ 50,000 കോടി രൂപയുടെ മുതല്‍ മുടക്കാണ് കേരളം വിഭാവനം ചെയ്യുന്നത്. ഐ.ടിയും ടൂറിസവും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലെ പ്രധാന ഘടകങ്ങളാണ്.

6. ഐടി മേഖലയില്‍ കേരളം- ഷാര്‍ജ സഹകരണം: ഐടിയില്‍ കേരളത്തിനുള്ള വൈദഗ്ദ്ധ്യവും ശക്തമായ അടിത്തറയും പരസ്പര സഹകരണത്തിന് പ്രയോജനപ്പെടും. ഷാര്‍ജയിലെ യുവജനങ്ങളില്‍ സാങ്കേതിക സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതില്‍ കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ് മിഷന് പങ്കുവഹിക്കാന്‍ കഴിയും.

7. ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം: കേരളത്തിന് ആധുനിക ചികിത്സാ സംവിധാനവും മെഡിക്കല്‍ വിദ്യാഭ്യാസ സൗകര്യങ്ങളും ഉണ്ട്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം 2018 രണ്ടാംപകുതിയില്‍ പൂര്‍ത്തിയാകും. ഈ വിമാനത്താവളത്തിന് സമീപം ലോക നിലവാരത്തിലുള്ള മെഡിക്കല്‍ സെന്റര്‍ ഷാര്‍ജയിലെ നിക്ഷേപകരുടെ മുതല്‍ മുടക്കില്‍ ആരംഭിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x