Currency

വര്‍ണപ്പൊലിമയോടെ കേരള ഫാഷന്‍ ലീഗ് നാലാം സീസണ്‍

സ്വന്തം ലേഖകന്‍Friday, November 25, 2016 12:54 pm

കൊച്ചി ക്രൗണ്‍പ്ലാസയില്‍ നടന്ന അഭില്‍ദേവ് ഡോട്ട് കോം കേരള ഫാഷന്‍ലീഗില്‍ പ്രമുഖതാരങ്ങള്‍ അനശ്വര പ്രണയത്തിന്റെ പ്രതീകമായ കാഞ്ചനമാലയ്ക്കു മുന്നില്‍ ആദരവര്‍പ്പിച്ചു പുതു ഡിസൈനുകളുമായി റാമ്പിലെത്തി.

കൊച്ചി: ഫാഷന്‍ ഡിസൈനിംഗിന്റെ വര്‍ണപ്പൊലിമ തീര്‍ത്തു കേരളഫാഷന്‍ ലീഗിന്റെ നാലാം സീസണിനു സമാപനം. കൊച്ചി ക്രൗണ്‍പ്ലാസയില്‍ നടന്ന അഭില്‍ദേവ് ഡോട്ട് കോം കേരള ഫാഷന്‍ലീഗില്‍ പ്രമുഖതാരങ്ങള്‍ അനശ്വര പ്രണയത്തിന്റെ പ്രതീകമായ കാഞ്ചനമാലയ്ക്കു മുന്നില്‍ ആദരവര്‍പ്പിച്ചു പുതു ഡിസൈനുകളുമായി റാമ്പിലെത്തി. മലയാളികള്‍ നെഞ്ചേലറ്റിയ എന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനങ്ങളുടെ അകമ്പടിയോടെ പുഴയുടെയും പുഴക്കടവിലെ ചായക്കടയുടെയും പശ്ചാത്തലത്തില്‍ സജ്ജമാക്കിയ റാമ്പില്‍ വലിയൊരു താരനിരതന്നെ അണിനിരന്നു. അഞ്ച് റൗണ്ടുകളിലായിട്ടായിരുന്നു വിദേശ മോഡലുകള്‍ ഉള്‍പ്പെടെ അണിനിരന്ന ഫാഷന്‍ലീഗ് മത്സരം. പ്രമുഖ മലയാളി ഡിസൈനര്‍ അനുനോബിയുടെ കിസ്മത്ത് എന്ന ആദ്യറൗണ്ടോടെയായിരുന്നു തുടക്കം.

fashion1

കാഞ്ചനമാലയ്ക്ക് അഭിവാദ്യമര്‍പ്പിച്ചു കിസ്മത്തില്‍ ഷോസ്റ്റോപ്പറായ ചലച്ചിത്രതാരം പ്രിയാമണി തന്റെ പ്രതിശ്രുതവരന്‍ മുസ്തഫയ്‌ക്കൊപ്പം റാമ്പിലെത്തി. പ്രമുഖതാരങ്ങളായ ഇനിയ, അന്നമരിയ, സഞ്ജന ഗല്‍റാണി, രാഗിണി നന്ദ് വാനി, നേഹ സക്‌സേന, ഇടവേള ബാബു, രാഹുല്‍ ഈശ്വര്‍, ഭാര്യ ദീപ, ബാലതാരം ബേബി മീനാക്ഷി, ചലച്ചിത്ര കൊറിയോഗ്രാഫര്‍ പ്രസന്നമാസ്റ്റര്‍, കേരള ഫാഷന്‍ലീഗ് ഫൗണ്ടര്‍ അഭില്‍ദേവ് എന്നിവരും കിസ്മത്തില്‍ മോഡലുകള്‍ക്കൊപ്പം അണിനിരന്നു.

new

പിന്നീട് നടന്ന നാല് റൗണ്ടുകളിലായി പ്രമുഖ താരങ്ങളായ സോഹ അലിഖാന്‍, ഷാവര്‍അലി, രാഗിണി ദ്വിവേദി, അഞ്ജലി നായര്‍, നമിത, വിമല രാമന്‍, അനുശ്രീ, രാധിക ചേതന്‍, പുനം കൗര്‍, അജ്മല്‍ അമീര്‍, അപര്‍ണ ബാലമുരളി, നേഹ സക്‌സേന, ഇതി ആചാര്യ, അര്‍ച്ചന സുശീലന്‍, നിയാസ്, കൃഷ്ണ തുടങ്ങിയവര്‍ റാമ്പില്‍ മോഡലുകള്‍ക്കൊപ്പം ചുവടുവച്ചു.

കേരള ഫാഷന്‍ ലീഗ് പ്രൊഡ്യൂസര്‍ അഭില്‍ദേവ്, എസ്പാനിയോ മാനേജിംഗ് ഡയറക്ടര്‍ അന്‍വര്‍ എ റ്റി, എസ്പാനിയോ ഡയറക്ടര്‍ സുല്‍ഫി, സിനി ആര്‍ട്ടിസ്റ്റും അമ്മ സെക്രട്ടറിയുമായ ഇടവേള ബാബു, കൊറിയോഗ്രാഫര്‍ ദാലു കൃഷ്ണദാസ്, കൊറിയോഗ്രാഫര്‍ ജൂഡ് ഫെലിക്‌സ്, മായ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേരള ഫാഷന്‍ലീഗിന്റെ നാലാം സീസണ്‍.

fashion20

 

 

അനുനോബി, ശ്രാവണ്‍ കുമാര്‍ രാമസ്വാമി, സുസ്മിത് ദാസ് ഗുപ്ത അസ് ലംഖാന്‍, സന്തോഷ്‌കുമാര്‍, പാര്‍വതി സരസ്വതി, ആയിഷ മാസ്മ തുടങ്ങിയ ദേശീയതലത്തില്‍ ശ്രദ്ധേയരായ 20 ഡിസൈനര്‍മാരും 84 മോഡലുകളും രാവിലെ 10 മുതല്‍ രാത്രിവരെ പത്തുവരെ നീണ്ട ഫാഷന്‍ലീഗില്‍ പങ്കെടുത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x