
തിരുവനന്തപുരം: പ്രവാസി ഡിവിഡന്റ് പദ്ധതി സംബന്ധിച്ച ബില്‍ മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചു. പ്രവാസികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് കിഫ്ബി വഴി അടിസ്ഥാന സൗകര്യവികസനത്തിന് ഉപയോഗിക്കുന്നതാണ് പദ്ധതി. പ്രവാസികള്‍ക്ക് ജീവിതാവസാനം മാസവരുമാനം ഉറപ്പാക്കുന്നു എന്നതാണ് പദ്ധതിയുടെ സവിശേഷത.
മൂന്ന് ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളാണ് പ്രവാസികളില്‍ നിന്ന് സ്വീകരിക്കുക. ഇത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറി അടിസ്ഥാന സൗകര്യവികസനത്തിന് വിനിയോഗിക്കും. കിഫ്ബിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഏജന്‍സി. കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് നിക്ഷേപങ്ങള്‍ സ്വീകരിച്ച് കിഫ്ബിക്ക് കൈമാറും. കൈമാറ്റം ചെയ്യപ്പെടുന്ന തുകയ്ക്ക് കിഫ്ബി നല്‍കുന്ന തുകയും സര്‍ക്കാര്‍ വിഹിതവും ചേര്‍ത്തുകൊണ്ടാണ് നിക്ഷേപകര്‍ക്ക് 10% പ്രതിമാസ ഡിവിഡന്റ് നല്‍കുന്നത്.
ആദ്യ വര്‍ഷങ്ങളിലെ 10% നിരക്കിലുള്ള ഡിവിഡന്റാണ് നാലാം വര്‍ഷം മുതല്‍ നിക്ഷേപകനും തുടര്‍ന്ന് പങ്കാളിക്കും ലഭിക്കുന്നത്. ജീവിത പങ്കാളിയുടെ കാലശേഷം നിക്ഷേപത്തുകയും ആദ്യ മൂന്നുവര്‍ഷത്തെ ഡിവിഡന്റും അനന്തരാവകാശിക്കു കൈമാറുന്നതോടെ പ്രതിമാസം ഡിവിഡന്റ് നല്‍കുന്നത് അവസാനിക്കും. പദ്ധതിയിലൂടെ നിക്ഷേപകനും സംസ്ഥാനത്തിനും ഒരു പോലെ ഗുണം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.