Currency

ഹജ്ജ് വിമാന സര്‍വീസ് നിരക്ക് കുത്തനെ കൂട്ടി

സ്വന്തം ലേഖകന്‍Tuesday, December 5, 2017 12:14 pm

തിരുവനന്തപുരം: രാജ്യത്തെ ഹജ്ജ് വിമാന സര്‍വീസ് നിരക്ക് കുത്തനെ കൂട്ടി. രാജ്യത്തെ ഹജ്ജ് വിമാന സര്‍വീസ് നടത്തുന്ന 21 നഗരങ്ങളില്‍ നിന്നും വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. നേരത്തെ എല്ലായിടത്തുനിന്നും ഒരേ നിരക്കായിരുന്നു. ഇത്തവണ ബംഗളൂരുവില്‍ നിന്ന് 1,05,356 രൂപയും മുംബൈയില്‍ നിന്ന് 58,254 രൂപയുമാണ് വിമാനനിരക്ക്. ശ്രീനഗറില്‍ നിന്ന് ടിക്കറ്റുകള്‍ക്ക് 1,09,692 രൂപയാണ് ഈടാക്കുന്നത്. അടുത്ത ഹജ്ജിന് കേരളത്തില്‍നിന്നുള്ള തീര്‍ഥാടകര്‍ 76,372 രൂപയാണ് ടിക്കറ്റിന് നല്‍കേണ്ടത്.

കേരള ഹാജിമാര്‍ കഴിഞ്ഞ വര്‍ഷം വിമാനത്തിന് നല്‍കിയത് 62,062 രൂപയാണ്. 2016ല്‍ 45,000 രൂപയും 2015ല്‍ 42,020 രൂപയുമായിരുന്നു ഇത്. അഞ്ചു വര്‍ഷത്തിനിടെ ഹജ്ജ് വിമാന നിരക്കിലുണ്ടായ വര്‍ധന മൂന്ന് മടങ്ങോളം വരും. കേരള തീര്‍ഥാടകര്‍ക്ക് കൊച്ചിയില്‍ നിന്നാണ് ഇത്തവണയും വിമാനം. ഈ സെക്ടറില്‍ ഹജ്ജ് തീര്‍ഥാടകരില്‍ നിന്നു മാത്രമാണ് ഈ കൊള്ള. ഇതേ റൂട്ടില്‍ ഓഫ് സീസണില്‍ 18,000 രൂപയും സീസണില്‍ 35,000 രൂപ വരെയുമാണ് നിരക്ക് ഈടാക്കാറ് പതിവ്. അതേസമയം കേരളത്തില്‍നിന്നുള്ള അപേക്ഷകര്‍ എംബാര്‍ക്കേഷന്‍ പോയന്റ് ലോഗ് ചെയ്താല്‍ 76,372 രൂപ അടക്കാന്‍ തയാറാണെന്ന് സാക്ഷ്യപ്പെടുത്തിയാലേ തുടര്‍ന്ന് അപേക്ഷ പൂരിപ്പിക്കാന്‍ കഴിയൂ. 

ചാര്‍ട്ടര്‍ ചെയ്ത ഹജ്ജ് വിമാനങ്ങള്‍ ഒരു സീറ്റുപോലും ഒഴിവില്ലാതെ സര്‍വിസ് നടത്തുമ്പോഴാണ് ഇത്രയും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്. ഇത്തവണ ജൂണ്‍-ജൂലൈ മാസങ്ങളിലാണ് ഹജ്ജ് വിമാന സര്‍വിസ് ഉണ്ടാവുക. ഈ സമയം ഓഫ്‌സീസണായതിനാല്‍ എല്ലാ സെക്ടറുകളിലും ടിക്കറ്റ് നിരക്ക് കുത്തനെ ഇടിയുന്ന സമയമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x