Currency

സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക്; മാര്‍ച്ച് രണ്ടാംവാരം വരെ മഴയ്ക്ക് സാധ്യതയില്ല

സ്വന്തം ലേഖകന്‍Wednesday, January 18, 2017 9:05 am

കൊച്ചി: മാര്‍ച്ച് രണ്ടാംവാരം വരെ കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്നതിനിടെയാണ് മഴയ്ക്ക് സാധ്യതയില്ലെന്ന മുന്നറിയിപ്പ്. മലയോരമേഖലകളില്‍ മിക്കയിടത്തും കുടിവെള്ളക്ഷാമം നേരിട്ടുതുടങ്ങി. കിണറുകളും ജലാശയങ്ങളും ഇപ്പോള്‍ത്തന്നെ വറ്റിക്കഴിഞ്ഞു. ഇക്കൊല്ലം കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന് റവന്യൂ വകുപ്പും മുന്നറിയിപ്പ് നല്‍കി. ജനുവരി ഒന്ന് മുതല്‍ 11 വരെ 99 ശതമാനമാണ് സംസ്ഥാനത്തെ മഴക്കുറവ്. മുന്‍വര്‍ഷങ്ങളില്‍ തിരുവനന്തപുരം ജില്ലയില്‍ ഇക്കാലയളവില്‍ ഏഴ് മില്ലീമീറ്റര്‍വരെ മഴകിട്ടി. എന്നാല്‍, ഇത്തവണ 0.1 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. മറ്റു ജില്ലകളില്‍ മഴ പെയ്തിട്ടുപോലുമില്ല. എന്നാല്‍, ലക്ഷദ്വീപില്‍ സാധാരണ മഴലഭിച്ചു.

ബംഗാള്‍ ഉള്‍ക്കടലിലും പസഫിക് സമുദ്രത്തിലും അടിക്കടിയുണ്ടായ ചുഴലിക്കാറ്റുകളാണ് കേരളത്തില്‍ തുലാവര്‍ഷത്തിലും തുടര്‍ന്നും മഴ കുറയാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന്‍ പറഞ്ഞു. വേനല്‍മഴയെയും ഇതു കാര്യമായി ബാധിക്കാനാണ് സധ്യതയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലയിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് സാധാരണ മഴ ലഭിച്ചത്. ജൂണ്‍മുതല്‍ സെപ്റ്റംബര്‍വരെ ലഭിക്കേണ്ട മണ്‍സൂണ്‍ മഴയിലും 35 ശതമാനം കുറവുണ്ടായി.

അതേസമയം കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ക്ക് റവന്യൂ വകുപ്പ് തുടക്കമിട്ടു. കോളക്കമ്പനികളും മറ്റും ഭൂഗര്‍ഭജലം അമിതമായി ഊറ്റുന്നത് നിയന്ത്രിക്കാന്‍ ഭൂഗര്‍ഭ ജലവകുപ്പിന് നിര്‍ദേശം നല്‍കി. ഭൂഗര്‍ഭ ജലോപയോഗം 75 ശതമാനം കുറയ്ക്കാനാണ് നിര്‍ദേശം. കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ സ്ഥിരം ടാങ്കുകള്‍ സ്ഥാപിച്ച് വെള്ളം നല്കാനുള്ള തണ്ണീര്‍പ്പന്തല്‍ പദ്ധതികളാണ് ആലോചിക്കുന്നത്. ജില്ലാ കളക്ടര്‍മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 11,210 തണ്ണീര്‍പ്പന്തലുകള്‍ സ്ഥാപിക്കായി 20 കോടി രൂപ അനുവദിച്ചു.

കുടിവെള്ളവിതരണത്തിന് ഉപയോഗിക്കുന്ന ടാങ്കര്‍ ലോറികള്‍ ജി.പി.എസ്. ഘടിപ്പിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ നിരീക്ഷിക്കും. കുടിവെള്ളക്ഷാമം കണക്കിലെടുത്ത് ടാങ്കര്‍ ലോറികള്‍ തട്ടിപ്പുനടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്. പലസ്ഥലങ്ങളിലും കൃഷിയെയും വരള്‍ച്ച ബാധിച്ചുതുടങ്ങി. വിളകള്‍ കരിഞ്ഞുണങ്ങുകയാണ്. വരള്‍ച്ചയെത്തുടര്‍ന്ന് കന്നുകാലികള്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ മൃഗസംരക്ഷണവകുപ്പുമായി ചേര്‍ന്ന് ക്യാമ്പുകള്‍ സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x