Currency

തെരുവ് നായ പ്രശ്നം: കേരളത്തെ വിമര്‍ശിച്ച്‌ മേനക ഗാന്ധി; മനുഷ്യസ്നേഹമാണ് വേണ്ടതെന്ന് കേരളം

സ്വന്തം ലേഖകൻFriday, August 26, 2016 6:41 pm

തെരുവ് നായ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി മേനക ഗാന്ധി. മേനകയ്ക്ക് ആദ്യം വേണ്ടത് മനുഷ്യസ്നേഹമാണെന്ന് മന്ത്രി കെ.ടി.ജലീല്‍. മനുഷ്യരെ സ്നേഹിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ മൃഗങ്ങളെ സ്നേഹിക്കുമെന്നും അദ്ദേഹം ചോദിച്ചു.

ന്യൂഡല്‍ഹി: തെരുവ് നായ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി മേനക ഗാന്ധി രംഗത്ത്. വിഷയത്തില്‍ തന്നെ ഭീകരയാക്കി രക്ഷപെടാനാണ് കേരളം ശ്രമിക്കുന്നത്. തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നത് നിയമലംഘനം തന്നെയാണ്. നായ്ക്കളെ കൊല്ലുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്നും അവര്‍ വിമര്‍ശിച്ചു.

അതേസമയം, മേനക ഗാന്ധിയുടെ വിമര്‍ശനങ്ങളെ തള്ളി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ രംഗത്തെത്തി. മേനകയ്ക്ക് ആദ്യം വേണ്ടത് മനുഷ്യസ്നേഹമാണ്. മനുഷ്യരെ സ്നേഹിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ മൃഗങ്ങളെ സ്നേഹിക്കുമെന്നും മന്ത്രി ചോദിച്ചു. അപകടകാരികളായ തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ മാറ്റമില്ല. വ്യവസ്ഥാപിതമായി സംസ്ഥാനത്തിന് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനം അംഗീകരിക്കുന്നു. ഇത് സ്വയംവിമര്‍ശനമായി കാണുന്നുവെന്നും നായ്ക്കളുടെ വന്ധ്യംകരണത്തിലും വീഴ്ച പറ്റിയിട്ടുണ്ടെന്നും മന്ത്രി ജലീല്‍ വ്യക്തമാക്കി.

അതിനിടെ കേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരേ കെ.സി.വേണുഗോപാല്‍ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. തെരുവുനായ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് എന്താണെന്നും മേനകയുടെ നിലപാടിനോട് സര്‍ക്കാരിന് യോജിപ്പുണ്ടോ എന്നാരാഞ്ഞുമാണ് കത്തയച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x