Currency

പ്രളയ സെസ് ജൂണ്‍ ഒന്നുമുതല്‍

സ്വന്തം ലേഖകന്‍Tuesday, May 28, 2019 4:01 pm

തിരുവനന്തപുരം: ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് പ്രളയ സെസ് പിരിക്കും. അഞ്ച് ശതമാനത്തിന് മുകളില്‍ നികുതിയുള്ള എല്ലാ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരു ശതമാനം നികുതി വര്‍ധിക്കും. രണ്ട് വര്‍ഷത്തേക്കാണ് ഇത് ബാധകം. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. വര്‍ഷം 600 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ബജറ്റില്‍തന്നെ പ്രളയ സെസ് നിര്‍ദേശം അംഗീകരിച്ചിരുന്നു. ഏതാണ്ട് എല്ലാ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരു ശതമാനം വില വര്‍ധിക്കും. നികുതിക്കല്ല, വിലയുടെ അടിസ്ഥാനത്തിലാണ് സെസ് വരുന്നത്. സ്വര്‍ണം ഒഴികെ അഞ്ച് ശതമാനമോ അതില്‍ താഴെയുള്ള സ്ലാബില്‍പെട്ട ചരക്കുകളുടെ മേല്‍ സെസ് ഏര്‍പ്പെടുത്തിയിട്ടില്ല. കോമ്പോസിഷന്‍ രീതി തെരഞ്ഞെടുത്ത വ്യാപാരികളെയും സെസില്‍നിന്ന് ഒഴിവാക്കി. അഞ്ചാമത്തെ പട്ടികയില്‍ വരുന്ന സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണം ഉള്‍പ്പെടെ ചരക്കുകള്‍ക്ക് 0.25 ശതമാനമാകും സെസ്.

ജി.എസ്.ടി നിരക്ക് 12, 18, 28 ശതമാനം പട്ടികയില്‍ വരുന്ന ചരക്കുകളുടെയും അഞ്ച് ശതമാനവും അതില്‍ കൂടുതലും നികുതി നിരക്കുള്ള സേവനങ്ങളുടെയും വിതരണത്തിന് വിതരണ മൂല്യത്തിന്‍മേല്‍ ആണ് ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനകത്തിനകത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും അവസാന വിതരണഘട്ടത്തില്‍, അതായത് ഉപഭോക്താക്കള്‍ക്കും രജിസ്റ്റര്‍ ചെയ്യാത്ത വ്യാപാരികള്‍ക്കും നല്‍കുന്ന വിതരണ മൂല്യത്തിന്‍മേല്‍ മാത്രയായി സെസ് നിജപ്പെടുത്തിയിട്ടുണ്ട്. അതതു മാസത്തെ പ്രളയ സെസ് വിവരങ്ങള്‍ www.keralataxes.gov.in എന്ന വെബ്സൈറ്റ് വഴി സമര്‍പ്പിക്കണമെന്നും ജി.എസ്.ടി കമീഷണര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x