ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (ആവാസ്)യുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കി ഉത്തരവ് പുറത്തിറക്കി.
തിരുവനന്തപുരം:ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (ആവാസ്)യുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കി ഉത്തരവ് പുറത്തിറക്കി. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ‘ആവാസ്’ നടപ്പാക്കുന്നത്. പദ്ധതിയിലൂടെ തൊഴിലാളികളുടെ വിവരശേഖരണവും രജിസ്‌ട്രേഷനും തിരിച്ചറിയല്‍ കാര്‍ഡും നല്‍കും. വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന 18നും 60നും ഇടയില്‍ പ്രായമുള്ള ഇതര സംസ്ഥാന തൊഴിലാളികളെയാണ് ലക്ഷ്യമാക്കുന്നത്.
അംഗമാകുന്ന തൊഴിലാളികള്‍ക്ക് ഓരോരുത്തര്‍ക്കും 15,000 രൂപയുടെ സൗജന്യ ചികില്‍സ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നും എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍നിന്നും ലഭ്യമാക്കും. ആരോഗ്യ ഇന്‍ഷുറന്‍സിനൊപ്പം അപകട പരിരക്ഷ കൂടി ഉറപ്പാക്കും.
പദ്ധതി അംഗങ്ങള്‍ക്കായി രണ്ട് തലത്തില്‍ പരാതി പരിഹാര സെല്‍ ഉണ്ടായിരിക്കും. ഒന്നാംഘട്ടത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) തലത്തിലും, ഇതിന്‍മേല്‍ അപ്പീലുണ്ടെങ്കില്‍ ലേബര്‍ കമ്മീഷണര്‍ക്കും അയക്കാം. ഗുണഭോക്താക്കളുടെ എന്റോള്‍മെന്റും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കലും സംബന്ധിച്ച നിര്‍ദ്ദേശങ്ങളും പരിശോധന, നടത്തിപ്പ് തുടങ്ങിയ കാര്യങ്ങളും തൊഴില്‍ വകുപ്പ് നിര്‍വഹിക്കും. നേതൃത്വവും നടത്തിപ്പും ജില്ലാടിസ്ഥാനത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ക്കാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.