
ന്യൂഡല്‍ഹി: കരസേനയ്ക്ക് മലയാളി ഉപമേധാവി. കൊട്ടാരക്കര കുറുമ്പാലൂര്‍ സ്വദേശിയായ ലെഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദിനെയാണ് പുതിയ ഉപമേധാവിയായി നിയമിച്ചത്. ലെഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്ത് കരസേനാ മേധാവിയായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് ശരത് ചന്ദ് നിയമിതനായത്. നിലവില്‍ ഇദ്ദേഹം രാജസ്ഥാന്‍ പഞ്ചാബ് മേഖല ഉള്‍പ്പടുന്ന സൗത്ത് വെസ്റ്റ് കമാന്‍കഡിന്റെ മേധാവിയാണ്.
1979 ല്‍ ഗഡ്വാള്‍ റൈഫിള്‍സിലാണ് ശരത് ചന്ദ് സൈനിക സേവനം ആരംഭിക്കുന്നത്. കഴക്കൂട്ടം സൈനിക സ്‌കൂള്‍, പുണെ നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡെറാഡൂണ്‍ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജ്, ഡെല്‍ഹി നാഷണല്‍ ഡിഫന്‍സ് കോളജ് എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്.
37 വര്‍ഷത്തെ സൈനിക ജീവിതത്തിനിടയില്‍ നിരവധി സൈനിക നടപടികള്‍ പങ്കാളിയായിട്ടുണ്ട്. സൊമാലിയയിലെ യു.എന്‍ മിഷനിലും, എല്‍.ടി.ടി.ഇക്കെതിരായ ലങ്കയിലെ ഇന്ത്യന്‍ സമാധാന സേനാ നടപടിയിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍ തുടങ്ങിയ ബഹുമതികളും അദ്ദേഹം നേടിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.