
കൊച്ചി: കൊച്ചി മെട്രൊയില്‍ ഒന്നിലധികം ട്രെയിനുകള്‍ ഉപയോഗിച്ചുളള പരീക്ഷണഓട്ടം തുടങ്ങി. മുഴുവന്‍ സിഗ്‌നല്‍ സംവിധാനങ്ങളും ഉപയോഗിച്ച് ആലുവ മുതല്‍ പാലാരിവട്ടം വരെയുളള ഭാഗത്താണ് പരീക്ഷണയോട്ടം നടത്തുന്നത്. രാത്രി 9.30 വരെയാണ് ട്രയല്‍ സര്‍വീസ്. വരും ദിവസങ്ങളില്‍ യാത്രക്കാരെ കയറ്റിക്കൊണ്ടുളള ട്രയല്‍ സര്‍വീസ് കൂടിയുണ്ടാകും. എല്ലാ സംവിധാനങ്ങളും പൂര്‍ണമായും തൃപ്തികരമാണെന്ന് ഉറപ്പാക്കുന്നതുവരെ സര്‍വീസ് ട്രയല്‍ തുടങ്ങും. തുടര്‍ന്ന് സര്‍വീസുകളുടെ സമയക്രമം ഉള്‍പ്പെടുത്തി ഷെഡ്യൂള്‍ തയ്യാറാക്കും.
ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററില്‍ മൂന്നുകോച്ചുളള ആറ് ട്രെയിനാകും തുടക്കത്തില്‍ സര്‍വീസ് നടത്തുക. രാവിലെ ആറുമുതല്‍ രാത്രി പതിനൊന്നുവരെ പത്ത് മിനിറ്റ് ഇടവിട്ടാകും സര്‍വീസ്. തിരക്ക് കുറവുളള സമയങ്ങളില്‍ ഈ ഇടവേള ദീര്‍ഘിപ്പിക്കുന്നതും പരിഗണനയിലുണ്ട്. ആലുവ മുതല്‍ പാലാരിവട്ടം വരെ പതിനൊന്ന് സ്റ്റേഷനുകളാണ് ഉളളത്. മിനിമം നിരക്ക് 10 രൂപ. ആലുവ മുതല്‍ കമ്പനിപ്പടി വരെ 20 രൂപ, കളമശേരി വരെ 30 രൂപ, ഇടപ്പളളി വരെ 40 രൂപ എന്നിങ്ങനെയാണ് പ്രാഥമികമായി നിരക്കുകള്‍ നിശ്ചയിച്ചിട്ടുളളത്.
ആലുവയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 20 മിനിറ്റ് കൊണ്ട് പാലാരിവട്ടത്തെത്തും. സ്ഥിരയാത്രക്കാര്‍ക്കായി കൊച്ചി വണ്‍ കാര്‍ഡെന്ന സ്മാര്‍ട്ട് കാര്‍ഡുണ്ടാകും. ഈ മാസം പകുതിക്ക് ശേഷം എന്നുവേണമെങ്കിലും ഉദ്ഘാടനം നടത്താവുന്ന വിധത്തിലാണ് മെട്രൊയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗകര്യാര്‍ത്ഥം ആയിരിക്കും ഉദ്ഘാടന തീയതി തീരുമാനിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.