Currency

പഴയ 500 രൂപ ഇന്നു കൂടി

സ്വന്തം ലേഖകന്‍Friday, December 2, 2016 12:33 pm

പൊതുമേഖലാ സ്ഥാപനങ്ങളുടെ പമ്പുകളില്‍നിന്നു പെട്രോളും ഡീസലും വാതകവും വിമാനത്താവളങ്ങളില്‍നിന്നു വിമാന ടിക്കറ്റും വാങ്ങാന്‍ പഴയ 500 രൂപ നോട്ട് ഇന്ന് അര്‍ധരാത്രി വരെയേ സ്വീകരിക്കുകയുള്ളൂ.

ന്യൂഡല്‍ഹി: അസാധുവായ 500 രൂപ നോട്ടുകള്‍ അവശ്യസേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള സൗകര്യം പരിമിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ പമ്പുകളില്‍നിന്നു പെട്രോളും ഡീസലും വാതകവും വിമാനത്താവളങ്ങളില്‍നിന്നു വിമാന ടിക്കറ്റും വാങ്ങാന്‍ പഴയ 500 രൂപ നോട്ട് ഇന്ന് അര്‍ധരാത്രി വരെയേ സ്വീകരിക്കുകയുള്ളൂ. നേരത്തെ പെട്രോള്‍ പമ്പുകളിലും വിമാനത്താവളങ്ങളിലും ഗ്യാസ് സ്റ്റേഷനുകളിലും പഴയ നോട്ടുകള്‍ ഡിസംബര്‍ 15 വരെ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത് വെട്ടിച്ചുരുക്കിയതായി സര്‍ക്കാര്‍ ഇന്നലെ അറിയിക്കുകയായിരുന്നു. അതിലാണു മാറ്റം വരുത്തിയത്. അതേസമയം ആശുപത്രികള്‍ അടക്കമുള്ള മറ്റ് അവശ്യസേവനങ്ങള്‍ക്ക് പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി ഡിസംബര്‍ 15 വരെ തുടരും.

റെയില്‍വേ ടിക്കറ്റ്, സര്‍ക്കാരിന്റെയോ, പൊതുമേഖലയിലെയോ ബസ് ടിക്കറ്റുകള്‍ തുടങ്ങിയവയ്ക്ക് ഈ മാസം 15 വരെ, പഴയ 500 രൂപാ നോട്ടുകള്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍, മുനിസിപ്പാലിറ്റികള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ രണ്ടായിരം രൂപ വരെയുള്ള ഫീസ് ഇടപാടുകള്‍ക്ക് പഴയ നോട്ടുകള്‍ ഉപയോഗിക്കാം. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലുള്ള കോളേജുകള്‍, 500 രൂപ വരെയുള്ള മൊബൈല്‍ ഫോണ്‍ ടോപ് അപ്പ്, വൈദ്യുതി, വെള്ളം തുടങ്ങിയ സേവനങ്ങളുടെ ബില്ലും കുടിശ്ശികയും അടയ്ക്കാനും പഴയനോട്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഈ മാസം 15 നകം രാജ്യത്ത് പണദൗര്‍ലഭ്യം പരിഹരിക്കപ്പെടുമെന്നാണ് കേന്ദ്രധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇതോടെ പൂര്‍ണമായും പുതിയ നോട്ടുകള്‍ മാത്രം ഉപയോഗിക്കുന്നത് പ്രാബല്യത്തിലാകുമെന്നും ധനമന്ത്രാലയ അധികൃതര്‍ സൂചിപ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x