Currency

കേരളത്തില്‍ യുഡിഎഫ് തരംഗം; 20/19

സ്വന്തം ലേഖകന്‍Thursday, May 23, 2019 6:45 pm

കേരളത്തില്‍ യുഡിഎഫ് കോട്ട; എല്‍ഡിഎഫിന് കനത്ത തിരിച്ചടി;

ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല

തിരുവനന്തപുരം: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വന്‍മുന്നേറ്റം. മൊത്തം ഇരുപത് സീറ്റുകളില്‍ നടന്ന മത്സരത്തില്‍ പത്തൊമ്പതു സീറ്റും യുഡിഎഫ് സ്വന്തമാക്കി. എല്‍ഡിഎഫിന് വിജയിക്കാനായത് ആലപ്പുഴയിലെ ഒരു സീറ്റ് മാത്രം. ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല. അതേസമയം രാജ്യത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വീണ്ടും എന്‍ഡിഎ അധികാരത്തിലെത്തി. കോണ്‍ഗ്രസ് കേരളത്തിലെ മിന്നും വിജയത്തില്‍ ഒതുങ്ങി.

പ്രതീക്ഷകളും എക്സിറ്റ് പോള്‍ ഫലങ്ങളും അപ്രസക്തമാകും വിധമായിരുന്നു സംസ്ഥാനത്ത് യുഡിഎഫിന്റെ മിന്നും ജയം. ഇരുപത് ലോക്സഭാ സീറ്റുകളില്‍ പത്തൊമ്പത് സീറ്റും യുഡിഎഫ് തൂത്തുവാരി. ഇതില്‍ എല്‍ഡിഎഫിന്റെ കുത്തക കോട്ടയില്‍ വന്‍ ഭൂരിപക്ഷത്തോടെയുള്ള അട്ടിമറി വിജയവും കോണ്‍ഗ്രസിന് നേടായത് ശ്രദ്ധേയമാണ്. എല്‍ഡിഎഫ് ഏറ്റവും അധികം വിജയപ്രതീക്ഷ കാത്തുസൂക്ഷിച്ച പാലക്കാടും യുഡിഎഫ് അട്ടിമറിച്ചു. എല്‍ഡിഎഫിന്റെ മറ്റൊരു കുത്തക സീറ്റായ ആലത്തൂര്‍ കോണ്‍ഗ്രസിന്റെ യുവ വനിതാസ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസ് അട്ടിമറി വിജയം നേടിയത് ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ഇവിടെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി മുന്‍ എംപി കൂടിയായ പികെ ബിജുവായിരുന്നു. 2014 തെരഞ്ഞെടുപ്പില്‍ മത്സരിച്ച അതേ സ്ഥാനാര്‍ത്ഥികള്‍ തന്നെ വീണ്ടും മത്സരിച്ച ഇടുക്കിയില്‍ ഒന്നരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ ഡീന്‍ കുര്യാക്കോസ് ഇത്തവണ വിജയിച്ചത്. ഏഴ് മണ്ഡലങ്ങളില്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ വിജയം. ഇതില്‍ വയനാട് രാഹുല്‍ ഗാന്ധി വിജയിച്ചത് മൂന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. അതേസമയം ആലപ്പുഴയില്‍ മാത്രമാണ് എല്‍ഡിഎഫിന് ശക്തമായ മത്സരം കാഴ്ചവെക്കാനായത്.

ത്രികോണ മത്സരം പ്രതീക്ഷിച്ച തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരും മത്സരഫലം കണക്കുകൂട്ടല്‍ തെറ്റിച്ചു. ഈ മണ്ഡലങ്ങളിലും യുഡിഎഫ് മികച്ച മുന്നേറ്റം നടത്തി. അതേസമയം ഏറ്റവും അനുകൂല സാഹചര്യമായിരുന്നിട്ടും ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കാതിരുന്നത് ശ്രദ്ധേയമാണ്.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം പ്രതീക്ഷിച്ചുള്ള വിധിയെഴുത്തുകൂടിയായിരുന്നു ഇത്തവണ കേരളത്തിലേതെന്ന് പറയാം. ഇന്ത്യ നേരിടുന്ന യഥാര്‍ത്ഥ രാഷ്ട്രീയ വെല്ലുവിളികള്‍ എന്തെന്ന് കേരളത്തിലെ വോട്ടര്‍മാര്‍ മനസ്സിലാക്കിയിട്ടുണ്ടെന്നതാണ് ഇത്തവണത്തെ മത്സരഫലം വ്യക്തമാക്കുന്നത്. കേന്ദ്രത്തില്‍ എത്തിയാല്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ രാഷ്ട്രീയ നയമുള്ളവരാണെങ്കിലും കേന്ദ്രത്തിലെ വെല്ലുവിളികളെ നേരിടാന്‍ ഏറ്റവും നല്ലത് കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുകയാണെന്ന് വോട്ടര്‍മാരില്‍ ഏറെ പേര്‍ തീരുമാനിച്ചു. യുഡിഎഫിന്റെ വന്‍മുന്നേറ്റം ഇതുകൂടിയാണ് വ്യക്തമാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x