Currency

പെപ്‌സിയടക്കം അഞ്ച് ശീതളപാനീയങ്ങളില്‍ വിഷാംശമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി

സ്വന്തം ലേഖകന്‍Friday, November 25, 2016 12:12 pm

ഇന്ത്യയിലെ രണ്ടു പ്രമുഖ ബഹുരാഷ്ട്ര കമ്പനികള്‍ നിര്‍മിച്ചു വിപണിയില്‍ എത്തിക്കുന്ന അഞ്ചു വ്യത്യസ്ത ലഘുപാനീയങ്ങളുടെ സാമ്പിളുകളില്‍ ലെഡ്ഡ്, ക്രോമിയം, കാഡ്മിയം എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹി: രാജ്യാന്തര ബ്രാന്‍ഡുകളായ പെപ്‌സിക്കോയുടേയും കൊക്ക കോളയുടേയും സോഫ്റ്റ് ഡ്രിങ്കുകളില്‍ മാരകമായ വിഷാംശങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു. ഇന്ത്യയിലെ രണ്ടു പ്രമുഖ ബഹുരാഷ്ട്ര കമ്പനികള്‍ നിര്‍മിച്ചു വിപണിയില്‍ എത്തിക്കുന്ന അഞ്ചു വ്യത്യസ്ത ലഘുപാനീയങ്ങളുടെ സാമ്പിളുകളില്‍ ലെഡ്ഡ്, ക്രോമിയം, കാഡ്മിയം എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കി. സ്‌പ്രൈറ്റ്, മൗണ്ടെയ്ന്‍ ഡൂ, സെവണ്‍ അപ്പ്, പെപ്‌സി കൊക്ക കോള എന്നീ അഞ്ചു ലഘുപാനീയങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൊല്‍ക്കത്തയിലെ നാഷണല്‍ ടെസ്റ്റ് ഹൗസില്‍ നടത്തിയ പരിശോധനയിലാണ് ഈയത്തിന്റെയും മറ്റു ഘനലോഹങ്ങളുടേയും സാന്നിധ്യം കണ്ടെത്തിയിരുന്നു.

പ്ലാസ്റ്റിക്ക് പെറ്റ് ബോട്ടിലുകളില്‍ വിപണിയിലെത്തുന്ന പാനീയങ്ങളില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടെന്നു വിവിധ കോണുകളില്‍നിന്നു പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ 2015 ഏപ്രിലിലാണ് പെറ്റ് ബോട്ടിലുകളില്‍ നിന്നും വിഷ വസ്തുക്കള്‍ പാനീയങ്ങളില്‍ കലരുന്നുണ്ടോ എന്നത് സംബന്ധിച്ച് പഠനം നടത്താന്‍ ജഗദീഷ് പ്രസാദ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീന്‍ ആന്റ് പബ്ലിക്ക് ഹെല്‍ത്തിനോട് നിര്‍ദേശിച്ചത്. പ്ലാസ്റ്റിക്ക് പെറ്റ് ബോട്ടിലുകളില്‍ വിറ്റഴിക്കുന്ന മദ്യം, ജ്യൂസ്, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവയില്‍ ക്യാന്‍സറിനു കാരണമായേക്കാവുന്ന തരത്തില്‍ അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് വിവിധ സന്നദ്ധ സംഘടനകള്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.

വിപണിയില്‍നിന്ന് ശേഖരിച്ച ബെനാഡ്രില്‍ സിറപ്പ്, മ്യൂകെയ്ന്‍ ജെല്‍, പോളിബയോണ്‍ സിറപ്പ്, ഹെംഫര്‍ സിറപ്പ്, അലെക്‌സ് സിറപ്പ് എന്നീ മരുന്നുകള്‍ നാഷനല്‍ ടെസ്റ്റ് ഹൗസില്‍ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. അഞ്ച് സാമ്പിളുകള്‍ സാധാരണ താപനിലയിലും 40 ഡിഗ്രി, 60 ഡിഗ്രി താപനിലകളിലും പത്തു ദിവസം സൂക്ഷിച്ചാണ് പഠനവിധേയമാക്കിയത്. സാധാരണ താപനിലയില്‍ തന്നെ മരുന്നുകളില്‍ ആന്റിമൊണിയും ക്രോമിയവും ഈയവും ഡിഎച്ച്ഇപിയും അടങ്ങിയതായി കണ്ടെത്തി. തുടര്‍ന്നാണ് ഇത്തരം പായ്ക്കറ്റുകളില്‍ വിറ്റഴിക്കുന്ന ലഘുപാനീയങ്ങള്‍, എണ്ണ, സോഡ, പഴച്ചാറുകള്‍, മദ്യം, തുടങ്ങിയവയുടെ സാമ്പിളുകളും പരിശോധിക്കാന്‍ കേന്ദ്ര ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x