Currency

വായ്പകളുടെ തിരിച്ചടവിന് റിസര്‍വ് ബാങ്ക് രണ്ടുമാസത്തെ സാവകാശം നീട്ടി നല്‍കി

സ്വന്തം ലേഖകന്‍Tuesday, November 22, 2016 10:05 am

ഭവന, വാഹന, കാര്‍ഷിക വായ്പകള്‍ അടക്കം എല്ലാ വായ്പകള്‍ക്കും തിരിച്ചടവിന് റിസര്‍വ് ബാങ്ക് രണ്ടുമാസത്തെ സാവകാശം നീട്ടി നല്‍കി. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുവന്ന പുതിയ നിര്‍ദേശപ്രകാരം ആഴ്ചയില്‍ 24,000 രൂപ മാത്രമേ പിന്‍വലിക്കാനാകൂ എന്നതിനാലാണ് സമയപരിധിയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള സാമ്പത്തിക നിയന്ത്രണങ്ങളില്‍ റിസര്‍വ് ബാങ്ക് വീണ്ടും ഇളവ് വരുത്തുന്നു. ഭവന,വാഹന, കാര്‍ഷിക വായ്പകള്‍ അടക്കം എല്ലാ വായ്പകള്‍ക്കും തിരിച്ചടവിന് റിസര്‍വ് ബാങ്ക് രണ്ടുമാസത്തെ സാവകാശം നീട്ടി നല്‍കി. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുവന്ന പുതിയ നിര്‍ദേശപ്രകാരം ആഴ്ചയില്‍ 24,000 രൂപ മാത്രമേ പിന്‍വലിക്കാനാകൂ. ഇക്കാര്യം കൂടി പരിഗണിച്ചാണ് സമയപരിധിയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. ഒരു കോടി രൂപയ്ക്ക് താഴെ കുടിശികയുള്ള ഇടപാടുകാര്‍ക്കാണ് ഇളവ് ലഭ്യമാകുക. നവംബര്‍ ഒന്നിനു മുമ്പ് നല്‍കേണ്ടിയിരുന്ന ഗഡുക്കള്‍ക്കും തിരിച്ചടവിനും ഈ ആനുകൂല്യമില്ല. ഡിസംബര്‍ 31 ന് ശേഷമുള്ളവയ്ക്കും ഇളവ് ലഭിക്കില്ല.

നേരത്തെ, ബാങ്കില്‍നിന്നു പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധിയും റിസര്‍വ് ബാങ്ക് ഉയര്‍ത്തിയിരുന്നു. ഒരാഴ്ച 50,000 രൂപവരെ ബാങ്കില്‍നിന്ന് നേരിട്ട് പിന്‍വലിക്കാനാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരിക്കുന്നത്. ഓവര്‍ഡ്രാഫ്റ്റ്, കാഷ് ക്രെഡിറ്റ് അക്കൗണ്ടുകള്‍ക്കാണ് ഇളവ്. എന്നാല്‍ കഴിഞ്ഞ മൂന്നു മാസമായി ഇടപാടുകള്‍ നടന്നിട്ടില്ലാത്ത അക്കൗണ്ടുകള്‍ക്ക് ഇളവ് ബാധകമല്ല. അസാധുവായ നോട്ടുകള്‍ ഉപയോഗിച്ച് കര്‍ഷകര്‍ക്ക് വിത്തുകള്‍ വാങ്ങാനും കേന്ദ്ര ധനമന്ത്രാലയം അനുമതി നല്‍കി. അതേസമയം വിവാഹ ആവശ്യത്തിന് ബാങ്കുകളില്‍ നിന്നും പിന്‍വലിക്കാവുന്ന പണത്തിനും റിസര്‍വ്വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പണം പിന്‍വലിക്കുന്നതിന് വധുവരന്മാരുടെ വിവരങ്ങളും, തിരിച്ചറിയല്‍ രേഖകളും, കല്യാണ തീയ്യതിയും ഹാജരാക്കണം. മാത്രവുമല്ല പിന്‍വലിക്കുന്ന പണം ആര്‍ക്കൊക്കെ നല്‍കും എന്നതിന്റെ തെളിവും നല്‍കണം. പണം കൈപ്പറ്റുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലെന്ന സാക്ഷ്യ പത്രവും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്ന് ആര്‍ബിഐയുടെ പുതിയ നിര്‍ദ്ദേശം വ്യക്തമാക്കുന്നു.

>നവംബര്‍ 8ന് മുന്‍പ് ബാങ്കില്‍ നിക്ഷേപിച്ച തുക മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല, നോട്ട് മാറുന്നതിനുള്ള അവസാന തീയ്യതിയായ ഡിസംബര്‍ 31 ന് ശേഷമുള്ള വിവാഹങ്ങള്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും ആര്‍ബിഐയുടെ പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. വിവാഹാവശ്യത്തിന് പണം പിന്‍വലിക്കുന്നവരുടെ വിവരങ്ങള്‍ ബാങ്കുകളില്‍ സൂക്ഷിക്കണമെന്നും, വിവാഹാവശ്യത്തിന് കറന്‍സികള്‍ ഉപയോഗിക്കാതെ ക്രെഡിറ്റ് കാര്‍ഡ് വഴി ഇടപാടുകള്‍ നടത്താന്‍ ശ്രമിക്കണമെന്നും ആര്‍ബിഐ പറഞ്ഞു. സാക്ഷ്യ പത്രം ഹാജരാക്കിയാല്‍ രണ്ടര ലക്ഷം രൂപ വരെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാമെന്നായിരുന്നു നേരത്തെയുണ്ടായ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x