Currency

ആത്മഹത്യശ്രമം കുറ്റമല്ല; ലോക്‌സഭയും മാനസികാരോഗ്യ ബില്‍ പാസാക്കി

സ്വന്തം ലേഖകന്‍Tuesday, March 28, 2017 2:25 pm

മനോരോഗിക്ക് വൈദ്യുതാഘാതം നല്‍കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. പ്രായപൂര്‍ത്തിയാകാത്തവരില്‍ ഇത് പ്രയോഗിക്കാന്‍ പാടില്ല. മാനസിക ദൗര്‍ബല്യത്തിന് ചികിത്സ നടത്തുന്ന മാതാവിന്റെ അടുത്തുനിന്ന് മൂന്നു വയസുവരെ കുഞ്ഞുങ്ങളെ മാറ്റിനിര്‍ത്താന്‍ പാടില്ല.

ന്യൂഡല്‍ഹി: ആത്മഹത്യശ്രമം ഇനി മുതല്‍ ശിക്ഷാര്‍ഹമായ കുറ്റമല്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിനുകീഴില്‍ ആത്മഹത്യശ്രമം കുറ്റകരമായ നിലവിലെ വ്യവസ്ഥ നീക്കി. ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് മാനസികാരോഗ്യ ബില്‍ പാര്‍ലെമന്റിന്റെ ഇരുസഭകളും പാസാക്കിയത്. രാജ്യസഭയ്ക്കു പിന്നാലെയാണ് ലോക്‌സഭയും നിയമം അംഗീകരിച്ചത്. മറ്റൊരു വിധത്തില്‍ തെളിയിക്കപ്പെട്ടില്ലെങ്കില്‍, ആത്മഹത്യക്ക് ശ്രമിക്കുന്നവരെ മാനസിക ദൗര്‍ബല്യമുള്ളവരായാണ് കണക്കാക്കേണ്ടതെന്ന് ബില്‍ നിര്‍ദേശിക്കുന്നു.

മാനസിക രോഗമുള്ള വ്യക്തികളുടെ ചികിത്സയിലും അവകാശ സംരക്ഷണത്തിനും ബില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. മനോരോഗിക്ക് വൈദ്യുതാഘാതം നല്‍കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. പ്രായപൂര്‍ത്തിയാകാത്തവരില്‍ ഇത് പ്രയോഗിക്കാന്‍ പാടില്ല. മാനസിക ദൗര്‍ബല്യത്തിന് ചികിത്സ നടത്തുന്ന മാതാവിന്റെ അടുത്തുനിന്ന് മൂന്നു വയസുവരെ കുഞ്ഞുങ്ങളെ മാറ്റിനിര്‍ത്താന്‍ പാടില്ല. സ്വന്തംനിലക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്ന മാനസികാവസ്ഥയിലുള്ള ഒരു രോഗിയെ അയാളുടെ തീരുമാനപ്രകാരമായിരിക്കണം അഡ്മിറ്റു ചെയ്യേണ്ടത്. മറിച്ചുള്ള സാഹചര്യങ്ങളില്‍ മാത്രമെ രോഗിയുടെ പ്രതിനിധിയുടെ അനുവദത്തോടെ അഡ്മിറ്റ് ചെയ്യാന്‍ പാടുള്ളു. മനോരോഗമുള്ളവര്‍ക്ക് മാന്യമായ ജീവിതം വിഭാവനം ചെയ്യുന്നതാണ് ബില്‍.

മാനസിക സ്ഥിതി, ചികിത്സ തുടങ്ങിയവ സംബന്ധിച്ച രഹസ്യാത്മകത സൂക്ഷിക്കാന്‍ വ്യക്തിക്ക് അവകാശമുണ്ട്. മനുഷ്യത്വപരമല്ലാത്ത ചികിത്സരീതികളില്‍ നിന്ന് സംരക്ഷണം, സൗജന്യ നിയമ സേവനം, ചികിത്സരേഖകള്‍ ലഭിക്കാനുള്ള അവകാശം, പോരായ്മകള്‍ക്കെതിരെ പരാതിപ്പെടാനുള്ള അവകാശം എന്നിവയും പുതിയ നിയമവ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മനോരോഗിയെ അഡ്മിറ്റ് ചെയ്യല്‍, ചികിത്സ, വിട്ടയക്കല്‍ എന്നിവ സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിയമപ്രകാരം മാനസികാരോഗ്യ അവലോകന കമീഷനും ബോര്‍ഡും രൂപവത്കരിക്കും. മാനസിക രോഗമുള്ളവരുടെ അവകാശ സംരക്ഷണത്തിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കാലാകാലങ്ങളില്‍ കമീഷനും ബോര്‍ഡും സര്‍ക്കാറിന് നല്‍കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x