
കൊച്ചി: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനം അവസാനിപ്പിക്കില്ല. പാസ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനം മലപ്പുറത്ത് തുടരാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് രേഖപ്പെടുത്തി ഹൈകോടതി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തീര്‍പ്പാക്കി. 2006ല്‍ മലപ്പുറത്ത് ആരംഭിച്ച പാസ്‌പോര്‍ട്ട് ഓഫിസ് നിര്‍ത്തി പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് ഓഫിസില്‍ ലയിപ്പിക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി അസാധുവാക്കണമെന്നാവശ്യപ്പെട്ടാണ് കുഞ്ഞാലിക്കുട്ടി ഹര്‍ജി നല്‍കിയത്.
11 വര്‍ഷത്തിനുള്ളില്‍ 20 ലക്ഷത്തോളം പാസ്‌പോര്‍ട്ട് ഈ ഓഫിസില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇതുവഴി ഏകദേശം 310 കോടി രൂപ ഈ ഇനത്തില്‍ സര്‍ക്കാറിന് ലഭിച്ചിട്ടുള്ളതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫിസ് ഇനിയൊരു ഉത്തരവുവരെ തുടരാന്‍ മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങിയിരുന്നു. ഡിസംബര്‍ 31 വരെ വാടകകെട്ടിടം തുടരണമെന്ന ഉത്തരവും പിന്നാലെ ഇറങ്ങി.
ഈ രണ്ട് ഉത്തരവുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഹര്‍ജി തീര്‍പ്പാക്കിയത്. മറിച്ച് തീരുമാനമുണ്ടാവുകയാണെങ്കില്‍ അപ്പോള്‍ വീണ്ടും സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.