Currency

മലേഷ്യ എയര്‍ലൈന്‍സ് കൊച്ചിയിലേക്കുള്ള വിമാനസര്‍വീസ് പുനഃസ്ഥാപിച്ചു

സ്വന്തം ലേഖകന്‍Tuesday, January 15, 2019 3:50 pm

കൊച്ചി: മൂന്നു വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ കേരളത്തിലേക്കുള്ള വിമാനസര്‍വീസ് പുനരാരംഭിക്കുന്നതായി മലേഷ്യ എയര്‍ലൈന്‍സ് പ്രഖ്യാപിച്ചു. മാര്‍ച്ച് 31 മുതലാണ് ക്വാലാലംപൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നത്. 2015 ജൂണ്‍ ഒന്നിനായിരുന്നു ക്വാലാലംപൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനസര്‍വീസുകള്‍ മലേഷ്യ എയര്‍ലൈന്‍സ് നിര്‍ത്തലാക്കിയത്.

ഓസ്ട്രേലിയയില്‍ നിന്നും, പ്രത്യേകിച്ചും ഓസ്ട്രേലിയയുടെ തെക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരെയാണ് ഇത് പ്രധാനമായും ബാധിച്ചത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, ശ്രീലങ്കന്‍ എയര്‍ലൈന്‍സ് എന്നിവയും, ഗള്‍ഫ് രാജ്യങ്ങള്‍ വഴി പോകുന്ന എമിറേറ്റ്സ്, എത്തിഹാദ് തുടങ്ങിയ വിമാനസര്‍വീസുകളുമായിരുന്നു പിന്നീട് കേരളത്തിലേക്ക് പോകാനുള്ള ആശ്രയം.

എന്നാല്‍, യാത്രക്കാരില്‍ നിന്നുള്ള അഭ്യര്‍ത്ഥന വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 31 മുതല്‍ ക്വാലാലംപൂര്‍- കൊച്ചി സര്‍വീസുകള്‍ പുനസ്ഥാപിക്കുകയാണെന്ന് മലേഷ്യ എയര്‍ലൈന്‍സ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യ മികച്ച വിപണിയായതിനാലാണ് സര്‍വീസ് പുനസ്ഥാപിക്കുന്നതെന്നും മലേഷ്യ എയര്‍ലൈന്‍സ് ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ക്യാപ്റ്റന്‍ ഇസാം ഇസ്മായില്‍ പറഞ്ഞു.

സിഡ്നിയിലും മെല്‍ബണിലുമുള്ളവര്‍ക്കാണ് ഇത് ഏറെ ഗുണം ചെയ്യുക. മാര്‍ച്ചിലാണ് ആദ്യ സര്‍വീസ് ആരംഭിക്കുന്നതെങ്കിലും ഇപ്പോള്‍ തന്നെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ക്വാലാലംപൂരില്‍ നിന്ന് എല്ലാദിവസവും രാത്രി പ്രാദേശിക സമയം 10:40ന് പുറപ്പടുന്ന സര്‍വീസ് അര്‍ദ്ധരാത്രി കഴിഞ്ഞ് 00:01ന് കൊച്ചിയിലെത്തും. തിരിച്ച് കൊച്ചിയില്‍ നിന്ന് അര്‍ദ്ധരാത്രി കഴിഞ്ഞ് 01:00ന് പുറപ്പെട്ട് പുലര്‍ച്ചെ 7:50നാണ് ക്വാലാലംപൂരില്‍ എത്തുക. ഓസ്ട്രേലിയന്‍ നഗരങ്ങളിലേക്കുള്ള കണക്ടിംഗ് സര്‍വീസുകളും ഇവിടെ നിന്ന് ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x