നവംബര്‍ മൂന്നു വരെയുള്ള കാലയളവിൽ 76 ലക്ഷം കുട്ടികള്‍ക്ക് വാക്സിന് നല്‍കാനാണു സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് ഒക്ടോബര്‍ മൂന്നു മുതല്‍ മീസില്‍സ്-റൂബെല്ലാ വാക്സിനേഷന് കാമ്പെയ്ന് ആരംഭിക്കും. നവംബര്‍ മൂന്നു വരെയുള്ള കാലയളവിൽ 76 ലക്ഷം കുട്ടികള്‍ക്ക് വാക്സിന് നല്‍കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം അമ്പതിനായിരത്തോളം കുഞ്ഞുങ്ങളാണ് അഞ്ചാംപനി അഥവാ മീസില്‍സ് ബാധിച്ച് മരിച്ചത്. കേരളത്തില്‍ മരണ നിരക്ക് താരതമ്യേന വളരെ കുറവാണെങ്കിലും ഒരു കുഞ്ഞുപോലും രോഗം ബാധിച്ച് മരിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞുങ്ങള്‍ക്ക് രോഗപ്രതിരോധ വാക്സിന് നല്‍കുന്നത്.
ന്യൂമോണിയ, വയറിളക്കം എന്നിവ കൂടാതെ എന്‍സഫലൈറ്റിസ് (മസ്തിഷ്ക ജ്വരം), അന്ധത എന്നിവയും മീസില്‍സ് ബാധിതരായ കുട്ടികളില്‍ കണ്ടുവരുന്നു. കുട്ടികളില്‍ കാറ്ററാക്ട്, ഹൃദയവൈകല്യം, ബധിരത, തലച്ചോര്‍ വലിപ്പക്കുറവ്, തുടങ്ങിയ മാരക സ്ഥിതിവിശേഷങ്ങളുണ്ടാക്കുന്ന രോഗാവസ്ഥയാണ് റൂബെല്ല. ആയിരത്തില്‍ ഒരാള്‍ എന്ന കണക്കിലാണ് സംസ്ഥാനത്ത് റൂബെല്ലാ രോഗബാധിതരായ കുട്ടികളുടെ എണ്ണം. വായുവിലൂടെ പകരുന്ന ഈ രോഗങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പ്രതിരോധകുത്തിവയ്പ് മാത്രമേ പ്രതിവിധിയുള്ളൂ.
സര്‍ക്കാര്‍ ആശുപത്രികള്‍, സാമൂഹ്യ-പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍, തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്കൂളുകളിലും വാക്സിനേഷന് സംഘടിപ്പിക്കുന്നത്. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും അംഗന്‍വാടി പ്രവര്‍ത്തകരുടെയും നേതൃത്വത്തിലായിരിക്കും വാക്സിനേഷന്. ഒമ്പതുമാസം മുതല്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളായവര്‍ വരെയുള്ള കുട്ടികള്‍ക്ക് വാക്സിന് നല്‍കും. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., സംസ്ഥാന സിലബസ് പഠിപ്പിക്കുന്ന മുഴുവന്‍ സ്കൂളുകളിലും ഇതിനായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും.
സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഒരേസമയം രോഗപ്രതിരോധം നല്‍കാനാണ് ഒറ്റത്തവണയായി വാക്സിന് നല്‍കുന്നത്. ലോകാരോഗ്യ സംഘടന, യൂനിസെഫ് എന്നിവയുടെ നിര്‍ദേശപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തിലാണ് രോഗപ്രതിരോധ യജ്ഞം നടത്തുന്നത്. ആരോഗ്യ വകുപ്പ്, ദേശീയവകുപ്പ്, തദ്ദേശ സ്വയംഭരണം, ജില്ലാ ഭരണകൂടം തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളും ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍, ഐഎംഎ, ഇന്‍ഡ്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ് തുടങ്ങിയ സന്നദ്ധ സംഘടനകള്‍ വാക്സിനേഷന് പദ്ധതി നടത്തിപ്പില്‍ സഹകരിക്കും.
20,000ഓളം സ്കൂളുകളിലും 35,000ഓളം അംഗന്‍വാടികളിലും 1300ഓളം സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും 74,000ഓളം ക്യാംപ് സെഷനുകള്‍ സംഘടിപ്പിക്കും. ഇതിനായി ഡോക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, അംഗന്‍വാടി- ആശാ പ്രവര്‍ത്തകര്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാവര്ക്കും വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.