Currency

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ

സ്വന്തം ലേഖകൻFriday, August 26, 2016 6:18 pm

സ്വാശ്രയ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. എംബിബിഎസ് ഡന്റല്‍ പ്രവേശനം നീറ്റ് അടിസ്ഥാനമാക്കി വേണമെന്നും മാനേജ്മെന്റുകള്‍ക്ക് അപേക്ഷ സ്വീകരിക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

കൊച്ചി : സ്വാശ്രയ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. എംബിബിഎസ് ഡന്റല്‍ പ്രവേശനം നീറ്റ് അടിസ്ഥാനമാക്കി വേണമെന്നും മാനേജ്മെന്റുകള്‍ക്ക് അപേക്ഷ സ്വീകരിക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. അപേക്ഷകരുടെ റാങ്ക് പ്രവേശനത്തിന് മാനദണ്ഡമാക്കണം. സര്‍ക്കാര്‍ തീരുമാനം ചോദ്യംചെയ്ത് മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

മാനേജുമെന്റുകള്‍ക്ക് അപേക്ഷ സ്വീകരിക്കുകയും പ്രവേശനം നടത്തുകയും ചെയ്യാം. അപേക്ഷ സ്വീകരിക്കുന്നത് ഓണ്‍ലൈന്‍ മുഖേനയാവണം. നീറ്റ് പട്ടികയില്‍നിന്നും മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമേ പ്രവേശനം നടത്താന്‍ സാധിക്കുകയുള്ളു എന്നും കോടതി വ്യക്തമാക്കി. പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ജയിംസ് കമ്മിറ്റിക്ക് നല്‍കണം. അപേക്ഷയുടെ വിവരങ്ങളും റാങ്ക് പട്ടികയും വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. പ്രോസ്പെക്ടസിന് ജയിംസ് കമ്മിറ്റിയുടെ അംഗീകാരം വേണം.

സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്നും കോടതി ചൂണ്ടിക്കാണിച്ചു. മാനേജ്മെന്റ് സീറ്റില്‍ മാനേജുമെന്റുകള്‍ക്ക് പൂര്‍ണ അവകാശം ഉണ്ടെന്നും കോടതി ഓർമിപ്പിച്ചു. സ്വാശ്രയ കോളജുകളിലെ മുഴുവന്‍ എംബിബിഎസ്, ബിഡിഎസ് സീറ്റുകളും ഏറ്റെടുത്തു സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറെക്കൊണ്ട് അലോട്ട്മെന്റ് നടത്താനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x