Currency

നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ കുഞ്ഞന്‍ യന്ത്രം; ഇടപാടുകള്‍ക്കൊപ്പം പണവും പിന്‍വലിക്കാം

സ്വന്തം ലേഖകന്‍Thursday, December 1, 2016 11:04 am

ന്യൂഡല്‍ഹി: രാജ്യത്തെ നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ താല്‍ക്കാലികമായ ആശ്വാസമായിരിക്കുകയാണ് മൈക്രോ മിനി എടിഎമ്മുകള്‍. കടകളില്‍ സജ്ജമാക്കിയ മൈക്രോ മിനി എടിഎമ്മുകളില്‍ നിന്നു പണം പിന്‍വലിക്കുകയും ചെയ്യാം. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതോടെ രാജ്യത്തെ സാമ്പത്തിക മേഖല ഒന്നടങ്കം പ്രതിസന്ധിയിലായതോടെയാണ് സൈപ്വിങ് മെഷീനിലൂടെ ഇത്തരം സംവിധാനങ്ങള്‍ പരീക്ഷിക്കാന്‍ ചിലര്‍ മുന്നോട്ട് വന്നിരിക്കുന്നത്. ചില്ലറക്ഷാമം മൂലം ബുദ്ധിമുട്ടിലായിരിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ വിവിധ നഗരങ്ങളിലെ ബിഗ് ബസാര്‍ പോലുള്ള മാളുകള്‍, തിരഞ്ഞെടുത്ത പെട്രോള്‍ പമ്പുകള്‍ തുടങ്ങി സൈപ്വിങ് മെഷീനുള്ള നിരവധി കടകളും മൈക്രോ എടിഎമ്മുകള്‍ വഴി ജനങ്ങള്‍ക്കു പണം നല്‍കുന്നുണ്ട്.

100 രൂപ മുതല്‍ രണ്ടായിരം രൂപ വരെയാണ് ഇതുവഴി പിന്‍വലിക്കാനാവുക. കടയിലെ സൈപ്വിങ് മെഷീനാണ് മൈക്രോ മിനി എടിഎം ആയി പ്രവര്‍ത്തിക്കുക. ഇതില്‍ നിന്നു കാര്‍ഡുപയോഗിച്ച് ആവശ്യമുള്ള തുക പിന്‍വലിക്കാം. മെഷീനില്‍ നിന്നല്ല, കടയില്‍ നിന്നാണ് പണം ലഭിക്കുകയെന്ന വ്യത്യാസം മാത്രം. ഇടപാട് പൂര്‍ത്തിയായാല്‍ മെഷീനില്‍ നിന്നുള്ള സ്ലിപ്പിനൊപ്പം പണവും ലഭിക്കും. ഇടപാടുകാരനു നല്‍കിയ പണം കമ്മിഷന്‍ സഹിതം ബാങ്ക് കടക്കാരനു തിരിച്ചു നല്‍കും.

മൈക്രോ മിനി എടിഎം വഴി പിന്‍വലിക്കുന്ന തുകയ്ക്ക് ചില ബാങ്കുകള്‍ ഇടപാടുകാരനില്‍ നിന്നു ചെറിയ കമ്മിഷന്‍ ഈടാക്കാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യപോലുള്ള ദേശസാല്‍കൃത ബാങ്കുകളുമായി സഹകരിച്ച് കടക്കാര്‍ക്ക് മൈക്രോ എടിഎമ്മുകള്‍ തുറക്കാന്‍ സാധിക്കും. ബംഗളുരുവിലെ മലയാളി കടകളില്‍ ഇത്തരം സംവിധാനം വ്യാപകമായിട്ടില്ലെങ്കിലും വന്‍കിട മാളുകളിലും ചില പെട്രോള്‍ പമ്പുകളിലുമെല്ലാം മൈക്രോ എടിഎം വ്യാപകമായി തുടങ്ങി. തിരക്കു കൂടിയതിനാല്‍ ഇടപാടിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ബിഗ് ബസാര്‍ ജീവനക്കാര്‍ പറഞ്ഞു. ആദ്യം വരുന്ന 50 പേര്‍ക്ക് മാത്രമേ പണം ലഭിക്കുകയുള്ളു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x