Currency

കൊവിഡ് 19; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

സ്വന്തം ലേഖകന്‍Thursday, March 19, 2020 10:38 am

ന്യൂഡല്‍ഹി: കൊവിഡ് 19 പടര്‍ന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ഉന്നതതല അവലോകന യോഗം ചേര്‍ന്നിരുന്നു. രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണ സംവിധാനം കൂട്ടാന്‍ തീരുമാനമായിട്ടുണ്ട്.

നിലവില്‍ അറുപതിനായിരം പേരെ നിരീക്ഷിക്കുന്നതിനുള്ള സൗകര്യമാണ് രാജ്യത്തുള്ളത്. സൈന്യത്തിന്റെ നിയന്ത്രണത്തില്‍ കൊച്ചിയുള്‍പ്പടെ 11 കേന്ദ്രങ്ങള്‍ പുതുതായി തുറക്കും. രാജ്യത്ത് എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദ്ദേശിച്ചു. എല്ലാ സ്‌കൂളുകളും സര്‍വ്വകലാശാലകളും അടക്കാനും നിര്‍ദ്ദേശമുണ്ട്. കൊവിഡ് ബാധിച്ച കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്കും കേന്ദ്രം പരിഗണിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്‍, മലേഷ്യ, ഫിലിപ്പിയന്‍സ്, യൂറോപ്യന്‍ യൂണിയന്‍, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നിലവില്‍ വന്നിരുന്നു.

സംസ്ഥാനങ്ങളും പ്രതിരോധം കരുതല്‍ ശക്തമാക്കി. രാജസ്ഥാനിലും നോയിഡയിലും മാര്‍ച്ച് 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ് അവശ്യ സര്‍വ്വീസ് ഒഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസം 25 വരെ വീടുകളിലിരുന്ന ജോലി ചെയ്യാനുള്ള അനുമതി നല്‍കി. 166 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x