Currency

പ്രവാസികളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം എംബസിക്ക് ലഭിച്ചത് പതിനായിരത്തിലധികം പരാതികളെന്ന് വിദേശകാര്യ മന്ത്രി

സ്വന്തം ലേഖകന്‍Friday, July 19, 2019 12:23 pm

ന്യൂഡല്‍ഹി: ഗള്‍ഫ് നാടുകളില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാരില്‍ നിന്ന് കഴിഞ്ഞ ആറുമാസത്തിനിടെ പതിനായിരത്തോളം പരാതികള്‍ ലഭിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഈ വര്‍ഷം ജൂണ്‍ 30 വരെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ ലഭിച്ച പരാതികളാണിത്. ഏറ്റവും കൂടുതല്‍ തൊഴില്‍ പരാതികള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടത് കുവൈത്തില്‍ നിന്നാണെന്നും മന്ത്രി അറിയിച്ചു. 2377 പേരാണ് കഴിഞ്ഞ ആറു മാസങ്ങള്‍ക്കിടെ കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയിലെത്തി പരാതി രേഖപ്പെടുത്തിയത്.

 9771 പരാതികളാണ് ഈ വര്‍ഷം ആറു മാസത്തിനുള്ളില്‍ ഗള്‍ഫ് നാടുകളിലെ ഇന്ത്യന്‍ മിഷനുകളില്‍ ലഭിച്ചത്. ശമ്പളം തടഞ്ഞു വെക്കല്‍, ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കല്‍, ഇഖാമ പുതുക്കാതിരിക്കല്‍, ഓവര്‍ടൈം അലവന്‍സ്- വാരാന്ത്യ അവധി എന്നിവ നല്‍കാതിരിക്കല്‍, വാര്‍ഷിക അവധി തടഞ്ഞു വെക്കല്‍ തുടങ്ങി തൊഴിലാളികള്‍ നേരിട്ട് കൊണ്ടിരിക്കുന്ന വിവിധ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണ് പരാതികള്‍.

ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സൗദിയില്‍ നിന്ന് 2244 പരാതികളാണ് ലഭിച്ചത്. ഒമാന്‍ 1766, യു.എ.ഇ 1477, ഖത്തര്‍ 1459, ബഹ്‌റൈന്‍ 450 എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പരാതികളുടെ കണക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x