Currency

അസാധു നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരവസരം കൂടി നല്‍കിയേക്കും

സ്വന്തം ലേഖകന്‍Thursday, January 26, 2017 10:44 am

നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സാധിക്കാതിരുന്ന അനേകം പേര്‍ ഇനിയും അവസരം നല്‍കണമെന്ന അപേക്ഷയുമായി റിസര്‍വ്വ് ബാങ്കിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരക്കാര്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് പഴയ 500, 1,000 രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ ഇപ്പോഴും ബാക്കിയുള്ള സാഹചര്യത്തില്‍ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരു അവസരം കൂടി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ നിശ്ചിത തുകയുടെ നോട്ടുകള്‍ മാത്രമായിരിക്കും മാറ്റി നല്‍കുകയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഡിസംബര്‍ 30 വരെയായിരുന്നു പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്ന സമയം. എന്നാല്‍ ഈ സമയത്തിനുള്ളില്‍ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സാധിക്കാതിരുന്ന അനേകം പേര്‍ ഇനിയും അവസരം നല്‍കണമെന്ന അപേക്ഷയുമായി റിസര്‍വ്വ് ബാങ്കിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരക്കാര്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പലയിടങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന പണം പല കാരണങ്ങള്‍ക്കൊണ്ട് അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ മാറ്റിവാങ്ങാന്‍ സാധിക്കാത്ത കാര്യം റിസര്‍വ്വ് ബാങ്കിനെ അറിയിച്ചിരുന്നു. ഇത്തരം പരാതികള്‍ പെരുകി വന്നതിനെ തുടര്‍ന്നാണ് ചെറിയ തുക പരിധി നിശ്ചയിച്ച്, മാറ്റിവാങ്ങാന്‍ ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ അവസരം ദുരുപയോഗം ചെയ്യാതിരിക്കുന്നതിന് കര്‍ശന വ്യവസ്ഥകളോടെയായിരിക്കും മാറ്റിനല്‍കുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെ നവംബര്‍ 8നാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x