
മുംബൈ: ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടു റണ്‍വേകളും അറ്റകുറ്റപ്പണികള്‍ക്കായി ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് 30 വരെ ഭാഗികമായി അടച്ചിടും. ഈ കാലയളവില്‍ ഉള്‍പ്പെടുന്ന ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ റണ്‍വേകള്‍ ആറു മണിക്കൂര്‍ അടച്ചിടും. 22 ദിവസം നീളുന്ന ഈ ഭാഗിക നിയന്ത്രണ ദിനങ്ങളില്‍ പ്രതിദിനം 240 വിമാന സര്‍വീസുകള്‍ വരെ മുടങ്ങുമെന്നാണ് കണക്കുകള്‍. പല വിമാന കമ്പനികളും ഈ കാലയളവില്‍ സമീപ റൂട്ടിലേക്ക് സര്‍വീസ് മാറ്റാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളെ ബാധിക്കുന്ന ഈ ക്രമീകരണത്തില്‍ മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് അവയുടെ റീഫണ്ട് ഉറപ്പാക്കുമെന്നും സാധ്യമായ സാഹചര്യത്തില്‍ മറ്റു വിമാനങ്ങളിലേക്ക് ടിക്കറ്റ് മാറ്റി നല്‍കുമെന്നും മുംബൈ വിമാനത്താവള വക്താവ് അറിയിച്ചു.
ഫെബ്രുവരി എഴു മുതല്‍ മാര്‍ച്ച് 30 വരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെയാകും റണ്‍വേകള്‍ അടച്ചിടുക. ഹോളി ഉല്‍സവവുമായി ബന്ധപ്പെട്ട യാത്രാത്തിരക്കു പരിഗണിച്ച് മാര്‍ച്ച് 21 ന് (വ്യാഴാഴ്ച) റണ്‍വേകള്‍ അടച്ചിടുന്നത് ഒഴിവാക്കുമെന്നും വിമാനത്താവള വക്താവ് പറഞ്ഞു.
രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് മുംബൈ. പ്രതിദിനം ശരാശരി 950 സര്‍വീസുകളാണ് ഈ വിമാനത്താവളം കൈകാര്യം ചെയ്യുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.