
മുംബൈ: പുതിയ 20, 50 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). കൂടുതല്‍ സുരക്ഷാ സവിശേഷതകളുമായാവും നോട്ടുകള്‍ പുറത്തിറക്കുക. 20 രൂപയുടെ പുതിയ നോട്ടിലെ നമ്പര്‍ പാനലുകളില്‍ ‘L’ എന്ന അക്ഷരം പതിപ്പിക്കാനും തീരുമാനമായി. അതേസമയം, പഴയ 20, 50 രൂപ നോട്ടുകള്‍ പ്രാബല്യത്തിലുണ്ടാകുമെന്നും ആര്‍ബിഐ അറിയിച്ചു.
നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ നടപടിയുടെ തുടര്‍ച്ചയാണ് ഇതും. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ ശേഷം 2000 രൂപയുടെ പുതിയ നോട്ട് ഇറക്കിയിരുന്നു. രണ്ടാഴ്ച മുമ്പ് 500 രൂപയുടെ പുതിയ കറന്‍സിയും ഇറക്കി. അതേസമയം, നോട്ടുകള്‍ അസാധുവാക്കിയതുമായി ബന്ധപ്പെട്ട പ്രതിസന്ധി രാജ്യത്ത് തുടരുകയാണ്.
1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ 100, 50 കറന്‍സികളും റദ്ദാക്കിയേക്കുമെന്ന് വ്യാപക പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ഈ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും പിന്നീട് വ്യക്തമാക്കി. പുതിയ നോട്ടുകളുടെ അച്ചടി വൈകുന്നത് പ്രതിസന്ധി സൃഷ്ടിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ 20, 50 രൂപ നോട്ടുകള്‍ പുറത്തിറക്കാനുള്ള നീക്കം. എന്നാല്‍, പഴയ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന പ്രഖ്യാപനം ആശ്വാസം നല്‍കുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.