Currency

ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വിസ നിയമം ഉദാരമാക്കി ഇന്ത്യ

സ്വന്തം ലേഖകന്‍Thursday, October 3, 2019 4:12 pm

ന്യൂഡല്‍ഹി: യു.എ.ഇ ഉള്‍പ്പെടെ അറബ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പുതിയ നടപടികളുമായി ഇന്ത്യ. വിസാ നിയമങ്ങള്‍ ഉദാരമാക്കിയ നടപടി കൂടുതല്‍ ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക് വരാന്‍ പ്രേരിപ്പിക്കും. മുംബൈക്കു പുറത്ത് മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്കും അറബ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പ്രമോഷന്‍ കാമ്പയിനുകളും ഇന്ത്യ ആവിഷ്‌കരിക്കും.

വിദേശികള്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാനായി ഒരു മാസ കാലാവധിയിലുള്ള ഇ-വിസയാണ് പുതുതായി പ്രഖ്യാപിച്ചത്. ഇതിനു പുറമെ വിസാ ഫീസിലും കാലാവധിയിലും ഇളവു വരുത്തിയിട്ടുണ്ട്. നിലവില്‍ ഒന്നിലേറെ തവണ വന്നുപോകാവുന്ന ഒരു വര്‍ഷ കാലാവധിയുള്ള ഇ വിസയാണ് ഉണ്ടായിരുന്നത്. ഇതിന്റെ കാലാവധി 5 വര്‍ഷമാക്കി വര്‍ധിപ്പിച്ചു. 80 ഡോളറാണ് വിസ നിരക്ക്.

നേരത്തേ 2 മാസ കാലാവധിയുണ്ടായിരുന്ന ഇ- വിസ 6 മാസം മുമ്പാണ് ഒരു വര്‍ഷമാക്കി വര്‍ധിപ്പിച്ചത്. ഇങ്ങനെ വിസയെടുക്കുന്നവര്‍ക്ക് ഒന്നിലേറെ തവണ ഇന്ത്യയില്‍ വന്നു മടങ്ങാന്‍ സാധിക്കും. എന്നാല്‍ ഒരു തവണ ഇന്ത്യയില്‍ തങ്ങാവുന്ന പരമാവധി കാലാവധി 90 ദിവസം മാത്രമായിരിക്കും. ഒരു വര്‍ഷ കാലാവധിയുള്ള ഇ-ടൂറിസ്റ്റ് വിസാ നിരക്ക് പകുതിയായി കുറച്ചു. നിലവിലെ 80 ഡോളറില്‍നിന്ന് 40 ഡോളറാക്കിയാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇന്ത്യയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് വീസാ നിയമം സുതാര്യമാക്കിയതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x