
റിയാദ്: സൗദിയില്‍ വിദേശി ജോലിക്കാര്‍ക്കും ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി ഒഴിവാക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. മാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ പത്രങ്ങളിലുമാണ് ലെവി പിന്‍വലിച്ചെന്ന വാര്‍ത്ത പ്രചരിച്ചത്. ഈ സാഹചര്യത്തിലാണ് ജവാസാത്തിന്റെ വിശദീകരണം. വിദേശി ജോലിക്കാര്‍ക്കും ആശ്രിതര്‍ക്കുമുള്ള ലെവി മാറ്റമില്ലാതെ തുടരുമെന്നും ഇത് സംബന്ധിച്ച മാറ്റങ്ങള്‍ ട്വിറ്റര്‍ വഴി അറിയിക്കുമെന്നും പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.
ജവാസാത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വിശദീകരണം നല്‍കിയത്. 2017 മുതല്‍ പ്രാബല്യത്തില്‍ വന്ന തൊഴിലാളികളുടെ ലെവി 2400 ല്‍ നിന്ന് 4800 റിയാലായും ആശ്രിതരുടേത് 1200ല്‍ നിന്ന് 2400 റിയാലായും ഈ വര്‍ഷം ഇരട്ടിപ്പിച്ചിരുന്നു. അടുത്ത വര്‍ഷങ്ങളില്‍ സംഖ്യ വീണ്ടും വര്‍ധിപ്പിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ലെവിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുതിയ തീരുമാനമുണ്ടെങ്കില്‍ ജവാസാത്തിന്റെ ഔദ്യോഗിക സൈറ്റില്‍ പ്രസിദ്ധീകരിക്കും.
സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ലെവി ഏര്‍പ്പെടുത്തിയത്. വിഷന്‍ 2030 പദ്ധതി വഴിയാണ് വിദേശികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ലെവി ഏര്‍പ്പെടുത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.