
തിരുവനന്തപുരം: ഇന്ത്യയില്‍ നിന്ന് ഇത്തവണ ഹജ്ജ് യാത്ര ഉണ്ടായിരിക്കില്ലെന്ന് ഉറപ്പായതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി. ഹജ്ജ് സൗദിയില്‍ ഉള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് സൗസി ഹജ്ജ് മന്ത്രാലയം അറിയിച്ചതോടെയാണ് തീരുമാനം. കേരളത്തില്‍ നിന്നും അപേക്ഷ നല്‍കിയവരുടെ പണം തിരികെ നല്‍കുമെന്നും ഹജ്ജ് കമ്മിറ്റി ചെയര്മാന് അറിയിച്ചു.
കേരളത്തില്‍ നിന്ന് ഇത്തവണ ഹജ്ജ് തീര്‍ഥാടനത്തിനായി 26064 അപേക്ഷകളാണ് ലഭിച്ചത്. ഇവരില്‍ നിന്ന് 10834 പേര്‍ക്ക് അവസരം ലഭിച്ചു. ഇവരെല്ലം രണ്ടു ഗഡുക്കളായി രണ്ട് ലക്ഷത്തി ആയിരം രൂപ വീതം കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലേക്ക് അടക്കുകയും ചെയ്തു. സെലക്ഷന് ലഭിച്ചവരുടെ പാസ്പോര്‍ട്ടുകളടക്കം കൈമാറി. സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് യാത്രക്ക് വേണ്ടി ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ഇതിനിടെയാണ് കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ ഉള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമായി ഹജ്ജ് കര്‍മ്മം ചുരുക്കി സൗദി ഹജ്ജ് മന്ത്രാലയം ഉത്തരവ് ഇറക്കിയത്.
അതേസമയം ഈ വര്‍ഷം ഹജ്ജ് യാത്ര മുടങ്ങന്നവര്‍ക്ക് അടുത്ത വര്‍ഷം നറുക്കെടുപ്പില്ലാതെ തന്നെ ഹജ്ജിന് അവസരം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോടും, കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും സംസ്ഥാന ഹജ്ജ് കമ്മിറ്റി രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.