Currency

ആനയുള്‍പ്പെടെയുള്ള വന്യജീവികളെ ഇനിമുതല്‍ സര്‍ക്കസില്‍ പ്രദര്‍ശിപ്പിക്കാനാകില്ല

സ്വന്തം ലേഖകന്‍Sunday, December 11, 2016 11:11 am

സെന്‍ട്രല്‍ സൂ അതോറിറ്റി ഓഫ് ഇന്ത്യയാണ് മൃഗങ്ങളെ സര്‍ക്കസുകളില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിരോധനമേര്‍പ്പെടുത്തിയത്.

ന്യൂഡല്‍ഹി: സര്‍ക്കസുകളില്‍ ആനകളും, ഹിപ്പപൊട്ടാമസും വലിയ പക്ഷികളും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. സെന്‍ട്രല്‍ സൂ അതോറിറ്റി ഓഫ് ഇന്ത്യയാണ് മൃഗങ്ങളെ സര്‍ക്കസുകളില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിരോധനമേര്‍പ്പെടുത്തിയത്. വന്യജീവികളെ ക്രൂരമായി പീഡിപ്പിച്ചു പ്രദര്‍ശിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുടെയും വിഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണു നടപടി.

രാജ്യത്തെ 23 സര്‍ക്കസ് കമ്പനികള്‍ക്കും ഇതു സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ 1999 മുതല്‍ 2007 വരെയുള്ള വിവിധ സമയങ്ങളിലായി പുള്ളിപ്പുലി, കടുവ, സിംഹം, കുരങ്ങ്, കരടി തുടങ്ങിയ വന്യജീവികളെ സര്‍ക്കസില്‍ പ്രദര്‍ശിപ്പിക്കുന്നതു നിരോധിച്ചിരുന്നു. 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമം, 2001ലെ പെര്‍ഫോര്‍മിങ് അനിമല്‍സ് റജിസ്‌ട്രേഷന്‍ റൂള്‍ എന്നിവയിലെ ചട്ടങ്ങള്‍ ലംഘിച്ചാണു സര്‍ക്കസുകളില്‍ മൃഗങ്ങളെ പരിശീലിപ്പിക്കുന്നതെന്നും പ്രദര്‍ശിപ്പിക്കുന്നതെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു നിരോധനം.

മൂണ്‍ലൈറ്റ്, റിനോ, ഗ്രേറ്റ് ഗോള്‍ഡന്‍, ജെമിന, ഗ്രേറ്റ് ബോംബെ, ഗ്രേറ്റ് റെയ്മാന്‍, ജമുന, ജംമ്പോ, രാജ്കമല്‍, റാംപോ, ഗ്രേറ്റ് റോയല്‍, അജന്ത, ആസിയാദ്, എംപയര്‍, ഫേയ്മസ്, കോഹിന്നൂര്‍, നടരാജ്, ഒളിംപിക്, ഗ്രേറ്റ് അപ്പോളോ, ഗ്രേറ്റ് ജെമിനി, രാജ്മഹല്‍ തുടങ്ങിയ സര്‍ക്കസ് കമ്പനികള്‍ക്കാണ് നിരോധനം ബാധകമാകുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x