തിരുവനന്തപുരം: നോര്‍ക്കയുടെ പ്രവാസി പുനരധിവാസ പദ്ധതിയായ എന്‍ഡിപ്രേം, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് നടപ്പാക്കുന്ന സംരംഭകത്വ വായ്പ പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലുള്ളവരുടെ യോഗ്യതാ നിര്‍ണയ ക്യാംപ് ഒക്ടോബര്‍ എട്ടിന് തിരുവനന്തപുരത്തു തൈക്കാട് നോര്‍ക്ക ഓഫീസിന് എതിര്‍വശത്തുള്ള സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റില്‍ നടത്തും.
തിരികെ എത്തിയ പ്രവാസികള്‍ക്ക് പദ്ധതിപ്രകാരം 30 ലക്ഷം രൂപ വരെ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വായ്പാ അനുവദിക്കും. ഇതില്‍ 15% മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) കൃത്യമായി വായ്പാ തിരിച്ചടക്കുന്നവര്‍ക്കു ആദ്യ നാലു വര്‍ഷം 3% പലിശ ഇളവ് ലഭിക്കും. കൂടാതെ ക്യാംപില്‍ പങ്കെടുക്കുന്ന അര്‍ഹരായവര്‍ക്ക് കെഎഫ്സിയുടെ 3% പലിശ സബ്സിഡി ചീഫ് മിനി സ്റ്റേഴ്സ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാം പ്രകാരം ലഭ്യമാകും.
വായ്പ ആവശ്യമുള്ളവര്‍ക്ക് www.norkaroots.org യില്‍ ഒക്ടോബര്‍ രണ്ടു വരെ അപേക്ഷ സമര്‍പ്പിക്കാം. പദ്ധതിയുടെ വിശദവിവരം നോര്‍ക്ക വെബ്സൈറ്റിലും ടോള്‍ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്ന് മിസ്ഡ് കാള്‍ സേവനം), 18004258590 (കെഎഫ്സി) യിലും ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.